KeralaLatest

പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം വരും; ഉറപ്പുനല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍

“Manju”

ഇടുക്കി : മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ഇടുക്കിയില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. വന്യമൃഗ ശല്യം രൂക്ഷമായ ഇടുക്കിയില്‍ ആര്‍ ആര്‍ ടി ടീമിന്റെ സേവനം മുഴുവന്‍ സമയം ഉറപ്പാക്കുമെന്ന ഉറപ്പും മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കി. നഷ്ടപരിഹാരം നല്‍കുന്നതിലുള്ള വീഴ്ച്ചകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. നേര്യമംഗലത്ത് വീട്ടമ്മയുടെ മരണത്തെ തുടര്‍ന്നാണ് യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മാങ്കുളത്ത് സ്ഥാപിച്ച എ ഐ ക്യാമറ മറ്റ് പ്രദേശത്തും ആവശ്യമെങ്കില്‍ സ്ഥാപിക്കുമെന്നും ആര്‍ ആര്‍ ടി വിപുലീകരിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെന്‍സിംഗ് മെയിന്റനന്‍സ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കും. ഇത് ഒന്ന് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശിച്ചു.

ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലെ വെളിച്ചം ഇല്ലാത്ത സ്ഥലങ്ങളില്‍ വെളിച്ച സൗകര്യം എത്തിക്കാനും തീരുമാനമായി. ഇതിനായി എം പി എം എല്‍ എ ഫണ്ട് വിനിയോഗിക്കും. പടയപ്പ പുറത്തിറങ്ങാതെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാട്ടില്‍ വെള്ളവും തീറ്റയും ഉറപ്പാക്കാന്‍ എന്തെല്ലാം ചെയ്യാം എന്നതിനെ പറ്റിയുള്ള പഠനത്തിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. വന്യമൃഗ ശല്യങ്ങള്‍ രൂക്ഷമായ സ്ഥലങ്ങളില്‍ വാര്‍ഡ് തല സമിതികള്‍ രൂപികരിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം ഇന്നും ഇടുക്കിയില്‍ കാട്ടാന ആക്രമണം ഉണ്ടായി. പന്നിയാറിലെ റോഷന്‍ കടയാണ് ആന തകര്‍ത്തത്. ചക്ക കൊമ്പനാണ് റേഷന്‍ കട ആക്രമിച്ചത്. റേഷന്‍ കടയുടെ ചുമരുകള്‍ ആന ഇടിച്ച് തകര്‍ത്തു. ഫെന്‍സിങ് തകര്‍ത്താണ് ചക്കക്കൊമ്പന്‍ അകത്ത് കയറിയത്. ഇന്ന് പുലര്‍ച്ചെ 3.30 യോട് കൂടിയാണ് ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചത്.

Related Articles

Back to top button