KeralaLatest

കള്ളവോട്ട് തടയണം;വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ നിര്‍ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

“Manju”

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് അനുവദിച്ചെന്നതിന് പിന്നാലെ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പിഴവുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശം നല്‍കിയത്. കള്ളവോട്ടിന് സാധ്യതയുണ്ടെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. കുറ്റമറ്റ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കോണ്‍ഗ്രസും പരാതി നല്‍കി.

ഓരോ ജില്ലയിലെയും തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാരാണ്. ഈ സാഹചര്യത്തില്‍ പരിശോധനയ്ക്കായി ഇന്നലെ രാത്രി തന്നെ നിര്‍ദേശം നല്‍കിയിരുന്നു. മുഴുവന്‍ വോട്ടര്‍പട്ടികയും പരിശോധിക്കണമെന്നാണ് നിര്‍ദേശം. വീഴ്ച്ച സംഭവിച്ചെന്ന വിലയിരുത്തലില്‍ കളക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതിന് പുറമേയാണ് കളക്ടര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. ഒരു ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍, ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

നിലവില്‍ വോട്ടര്‍ ഐഡി കാര്‍ഡുള്ള ബേപ്പൂര്‍ സ്വദേശിയായ ഷാഹിര്‍ ഷാഹുല്‍ ഹമീദ് എന്നയാളാണ് രണ്ട് തവണ കൂടി അപേക്ഷ സമര്‍പ്പിക്കുകയും വോട്ടര്‍ ഐഡി കാര്‍ഡ് കൈപ്പറ്റുകയും ചെയ്തത്. ആദ്യതവണ ആധാറും രണ്ടാം തവണ പാസ്‌പോര്‍ട്ടും ആണ് അപേക്ഷയ്‌ക്കൊപ്പമുള്ള തിരിച്ചറിയല്‍ രേഖയായി ഇയാള്‍ സമര്‍പ്പിച്ചത്. വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അപേക്ഷയിലെ സത്യപ്രസ്താവനയിലും രേഖപ്പെടുത്തിയിരുന്നു. ഇത് പരിശോധിച്ച് അംഗീകരിക്കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്ത ബൂത്ത് ലെവല്‍ ഓഫീസറെയും ഇലക്ടറല്‍ രജിസ്റ്റര്‍ ഓഫീസറെയുമാണ് ജന പ്രാതിനിധ്യ നിയമം 1950ലെ വ്യവസ്ഥകള്‍ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്.

ജന പ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മൂന്നുമാസം മുതല്‍ 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വോട്ടര്‍ ഐഡി കാര്‍ഡ് കൈവശപ്പെടുത്തിയ ആള്‍ക്കെതിരെ ജന പ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേസെടുക്കും. ഒരു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Related Articles

Back to top button