KeralaLatest

കാലിക്കറ്റില്‍ വിസിക്ക് ആശ്വാസം; കാലടിയില്‍ വി സിയെ പുറത്താക്കിയ നടപടിക്ക് സ്റ്റേയില്ല

“Manju”

കൊച്ചി: വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി സിക്ക് ആശ്വാസം. കലിക്കറ്റ് വിസി സ്ഥാനത്ത് ഡോ. എം കെ ജയരാജിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ കാലടി വൈസ് ചാന്‍സലറുടെ സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളി. ഡോ. എം കെ നാരായണന് വിസിയായി തുടരാനാവില്ലെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ കാലിക്കറ്റ്, സംസ്‌കൃത സര്‍വ്വകലാശാല വിസിമാരെ ഗവര്‍ണര്‍ പുറത്താക്കി ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ഇരുവരുടെയും നിയമനത്തില്‍ അപാകത ഉണ്ടെന്നായിരുന്നു ഗവര്‍ണറുടെ കണ്ടെത്തല്‍. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് 10 ദിവസം തീരുമാനത്തില്‍ അടിയന്തിര നടപടി ഉണ്ടാകില്ലെന്നും ഇതിനിടെ വിസിമാര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കലിക്കറ്റ് വിസി ഡോ. എം കെ ജയരാജ്, സംസ്‌കൃത സര്‍വ്വകലാശാല വിസി ഡോ. എം വി നാരായണന്‍ എന്നിവരെയാണ് പുറത്താക്കിയത്. ഡിജിറ്റല്‍, ഓപ്പണ്‍ സര്‍വ്വകലാശാല വിസിമാരുടെ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ഇരുവരുടെയും കാര്യത്തില്‍ യുജിസിയോട് ഗവര്‍ണര്‍ അഭിപ്രായം ആരാഞ്ഞിരുന്നു. നേരത്തെ വിസിമാരുമായി നടത്തിയ ഹിയറിങിനു ശേഷമായിരുന്നു ഗവര്‍ണറുടെ നടപടി. ഓപ്പണ്‍ സര്‍വകലാശാല വിസി നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും ഗവര്‍ണര്‍ സ്വീകരിച്ചിരുന്നില്ല.

നേരത്തെ കാലിക്കറ്റ്, സംസ്‌കൃത, ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകശാല വിസിമാരുടെ ഹിയറിങ്ങ് കോടതി നിര്‍ദ്ദേശപ്രകാരം ഗവര്‍ണര്‍ നടത്തിയിരുന്നു. വി സി നിയമനത്തില്‍ മാനദണ്ഡം പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഗവര്‍ണറുടെ നടപടി. വിസിയെ നിയമിക്കാനായി പാനലിനു പകരം ഒരാളുടെ പേര് മാത്രം സമര്‍പ്പിച്ചതും വി സിമാരെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വി സിമാരെ അയോഗ്യരാക്കാനുള്ള നീക്കം ഗവര്‍ണര്‍ ആരംഭിച്ചത്

ഹിയറിങ്ങിന് ശേഷവും നാലു വിസിമാരും അയോഗ്യരാണെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ചട്ടങ്ങള്‍ വളച്ചൊടിച്ച് നിയമിക്കപ്പെട്ട വിസിമാര്‍ അയോഗ്യരാണെന്ന നിലപാടാണ് യുജിസിയും സ്വീകരിച്ചു. നേരത്തെ ഗവര്‍ണര്‍ ഹിയറിങ്ങിന് വിളിപ്പിച്ചപ്പോള്‍ ഡിജിറ്റല്‍ സര്‍വകലാശാലയുടെ വിസി നേരിട്ട് ഹാജരായിരുന്നു. കാലിക്കറ്റ് വിസിയുടെ അഭിഭാഷകനും നേരിട്ടു ഹാജരായി. സംസ്‌കൃത സര്‍വകലാശാല വിസിയുടെ അഭിഭാഷകന്‍ ഓണ്‍ലൈനിലൂടെയാണ് ഹിയറിങ്ങിന് ഹാജരായത്. എന്നാല്‍ ഓപ്പണ്‍ സര്‍വകലാശാല വിസി ഗവര്‍ണര്‍ക്ക് മുമ്പില്‍ ഹാജരായിരുന്നില്ല.

 

Related Articles

Back to top button