IndiaKeralaLatest

രോഗങ്ങള്‍ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കള്‍

“Manju”

തിരുവനന്തപുരം: മനുഷ്യരിലെ രോഗങ്ങള്‍ തിരിച്ചറിയാനും ഇനി പൊലീസ് നായ്ക്കള്‍. തൃശൂര്‍ പൊലീസ് അക്കാ‌ദമിയാണ് ഇന്ത്യയിലാദ്യമായി പൊലീസ് നായ്ക്കളെ രോഗ നിര്‍ണയത്തിന് കൂടി ഉപയോഗപ്പെടുത്താനുള്ള പരിശീലന പദ്ധതിയെപ്പറ്റിയുമായി എത്തുന്നത്.
കോവിഡ്, സ്ത്രീകളിലെ ബ്രെസ്റ്റ് കാന്‍സര്‍, കൊച്ചുകുട്ടികളിലുള്‍പ്പെടെ വ്യാപകമായ ബ്ളഡ് കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്താനായി നായ്ക്കളെ പരിശീലിപ്പിക്കാന്‍ തൃശൂര്‍ പൊലീസ് അക്കാഡ‌മി സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി തേടി. സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാല്‍ ആരോഗ്യ വകുപ്പിന്റെ കൂടി സഹകരണത്തോടെ നായ്ക്കള്‍ക്ക് രോഗനിര്‍ണയം സംബന്ധിച്ച പരിശീലനം നല്‍കും.
അമേരിക്ക, ഇം​ഗ്ലണ്ട്, ഫ്രാന്‍സ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ മണം പിടിക്കുന്ന നായ്ക്കളെ രോഗങ്ങള്‍ കണ്ടെത്താന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്ത് വിമാനത്താവളങ്ങളിലും മറ്റും രോഗബാധിതരായ യാത്രക്കാരെ കണ്ടെത്താന്‍ യുഎഇ, അമേരിക്ക, ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം സിദ്ധിച്ച നായ്ക്കളെ ഉപയോഗിച്ചിരുന്നു.
കാന്‍സ‌ര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പണച്ചെലവില്ലാതെ കണ്ടെത്താനായി നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാദ്ധ്യത പൊലീസ് അക്കാഡമിയില്‍ പരിശീലകരുടെയും ചുമതലക്കാരുടെയും ആലോചനയിലുണ്ടായിരുന്നു. കോവിഡ് മഹാമാരി പിടിമുറുക്കിയതോടെയാണ് രോഗനിയന്ത്രണത്തിന് നായ്ക്കളുടെ സേവനം ആവശ്യമാണെന്ന തോന്നല്‍ ശക്തമായത്.
സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അനുമതി തേടി കത്തയച്ചെങ്കിലും, ഇതുവരെയും അനുകൂല തീരുമാനമൊന്നും ഉണ്ടായിട്ടില്ല. കാന്‍സര്‍ രോഗികളുടെയും കോവിഡ് രോഗികളുടെയും വിയര്‍പ്പിന്റെ ഗന്ധം മണത്താണ് രോഗമുള്ളവരെ കണ്ടെത്തുന്നത്.
ബ്രെസ്റ്റ് കാന്‍സര്‍ ഉള്ള സ്ത്രീകളുടെ ബ്രേസിയറുകളിലെ വിയ‌ര്‍പ്പ് ഗന്ധവും രോഗമില്ലാത്തവരുടെ അടിവസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് ഗന്ധവും തിരിച്ചറിയുന്ന നായ്ക്കള്‍ക്ക് രോഗമുള്ളവരുടെ ഗന്ധം വേര്‍തിരിച്ചറിയാനുള്ള പരിശീലനമാണ് നല്‍കുന്നത്. സ്രവങ്ങള്‍ മണത്തും രോഗമുള്ളവരെ കണ്ടെത്താമെന്ന അഭിപ്രായവും പരിശീലനത്തിനായി പരിഗണനയിലുണ്ട്

Related Articles

Back to top button