IndiaLatest

മൂന്ന് വര്‍ഷം മുമ്പ് കാണാതായ മകനെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു

“Manju”

സിന്ധുമോൾ. ആർ

മൂന്ന് വര്‍ഷം മുമ്പ് കാണാതായ മകനെ ഇനിയൊരിക്കലും തിരികെ ലഭിക്കില്ലെന്ന് കരുതിയിരുന്ന അച്ഛനും അമ്മയ്ക്കും മുന്നില്‍ മകന്‍ വീണ്ടും എത്തി. പശ്ചിമ ബംഗാളിലെ കൂച്ച്‌ ബെഹാറില്‍ നിന്നും കാണാതായ പതിനഞ്ചുകാരനെയാണ് ഗുവാഹത്തിയില്‍ വെച്ച്‌ കണ്ടെത്തിയത്മൂന്ന് വര്‍ഷം മുമ്പാണ് ഭിന്നശേഷിയുള്ള മിഥുന്‍ ദേബാനന്ദിനെ കാണാതാകുന്നത്. അച്ഛന്‍ പ്രാര്‍ത്ഥനയ്ക്കായി പുറത്തു പോയ സമയത്ത് കുട്ടിയെ കാണാതാകുകയായിരുന്നു. മാസങ്ങളോളം മകനെ അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനയുടെ സംരക്ഷണത്തിലായിരുന്നു ഇത്രയും നാള്‍ കുട്ടി കഴിഞ്ഞത്. അസമിലെ ദുബ്രിയില്‍ നിന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ കുട്ടിയെ കണ്ടെത്തുന്നത്. സ്ഥലവും ഭാഷയും അറിയാതിരുന്ന കുട്ടി ആദ്യ കാലങ്ങളില്‍ ആരോടും സംസാരിച്ചിരുന്നില്ലെന്ന് എന്‍ജിഒ ഭാരവാഹികള്‍ പറയുന്നു. ആറ് മാസം മുമ്പാണ് മിഥുന്‍ ആദ്യമായി സംസാരിക്കുന്നത്. ബംഗാളി ഭാഷയില്‍ വീട്ടില്‍ പോകണമെന്ന് കുട്ടി അധികൃതരോട് പറയുകയായിരുന്നു. കുട്ടിയില്‍ നിന്നും ലഭിച്ച സൂചനകളില്‍ നിന്നാണ് പശ്ചിമബംഗാളിലാണ് കുടുംബം എന്ന് അധികൃതര്‍ക്ക് മനസ്സിലായത്.

കുട്ടിക്ക് വീടിനെ കുറിച്ചോ ബന്ധുക്കളെ കുറിച്ചോ കൃത്യമായി പറയാന്‍ സാധിക്കാത്തത് അധികൃതരെ കുഴച്ചു. എങ്കിലും ഒടുവില്‍ ആറ് മാസം കൊണ്ട് മിഥുന്റെ വീട്ടുകാരെ കണ്ടെത്താന്‍ സാധിച്ചു. പശ്ചിമബംഗാളിലെ കൂച്ച്‌ ബെഹാറിലെ ശിശുക്ഷേമ സമിതി ചെയര്‍പേഴ്സന്റെ സന്ദര്‍ശനമാണ് മിഥുനേയും കുടുംബത്തേയും വീണ്ടും ഒന്നിപ്പിച്ചത്. കഴിഞ്ഞ മാസമാണ് ചെയര്‍പേഴ്സണ്‍ ദുബ്രിയില്‍ എത്തിയത്. ഇവിടെ വെച്ച്‌ മിഥുന്റെ വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു. ശിശുക്ഷേമ സമിതി കൂച്ച്‌ ബെഹാറിലെ മിഥുന്റെ കുടുംബത്തെ കണ്ടെത്തി വിവരം അറിയിച്ചു. കുടുംബം നല്‍കിയ മിഥുന്റെ ചിത്രം എന്‍ജിഒയ്ക്ക് അയച്ചു നല്‍കി. തങ്ങളുടെ മകന്‍ ഗുവാഹത്തിയില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ ഉടനെ പുറപ്പെടുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം സന്തോഷത്തോടെ മിഥുനെ യാത്രയാക്കിയെന്ന് എന്‍ജിഒ അധികൃതര്‍ പറയുന്നു.

Related Articles

Back to top button