KeralaLatest

വിമാനത്തിലെ പ്രതിഷേധം;ഒരാള്‍ ഒളിവില്‍

“Manju”

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധം നടത്തിയ സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനിത് കുമാര്‍ ഒളിവില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ സുനിത് കുമാര്‍ വിമാനത്താവളത്തിന് പുറത്തേയ്ക്ക് പോയിരുന്നു.

വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍ കുമാര്‍, മട്ടന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഡാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍ എന്നിങ്ങനെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ പി എയും ഗണ്‍മാനും നല്‍കിയ പരാതിയിലാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. അതേസമയം, വിമാനത്തിനുള്ളില്‍ നടന്ന സംഭവത്തില്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചെന്ന് വിമാനക്കമ്പനിയായ ഇന്‍ഡിഗോ അറിയിച്ചു.

ഡിജിസിഎയെ വിവരങ്ങള്‍ ധരിപ്പിച്ചു കഴിഞ്ഞു. പുറത്തുവന്ന വീഡിയോ പരിശോധിക്കുകയാണ്. യാത്രാവിലക്കില്‍ തീരുമാനമെടുക്കുന്നത് അന്വേഷണത്തിന് ശേഷമായിരിക്കുമെന്നും ഇന്‍ഡിഗോ വ്യക്തമാക്കി. തിങ്കളാഴ്ച വൈകിട്ട് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളിക്കുകയായിരുന്ന പ്രവര്‍ത്തകരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തള്ളിയിട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലിയതുറ പൊലീസിന് കൈമാറി. പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button