KeralaLatest

ബില്ലുകളില്‍ തീരുമാനമെടുക്കുന്നില്ല; രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയില്‍

“Manju”

ഡല്‍ഹി: നിയമസഭയില്‍ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്തതിനെതിരെ സുപ്രീം കോടതിയില്‍ അസാധാരണ നീക്കം നടത്തി കേരളം. രാഷ്ട്രപതിയുടെ ഓഫീസിനെതിരെ കേരളം ഹര്‍ജി നല്‍കുകയായിരുന്നു. ഏഴ് ബില്ലുകളില്‍ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ലെന്ന് കേരളം ഹര്‍ജിയില്‍ പറയുന്നു. തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ക്കണമെന്നാണ് കേരളത്തിന്റെ അപേക്ഷ.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളൊന്നും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്നവയല്ല. ഗവര്‍ണ്ണര്‍ അയച്ച ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്ന ബില്ലുകള്‍ തടഞ്ഞുവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശം ഭരണഘടനാ വിരുദ്ധമാണ്. ഇത് ഫെഡറല്‍ ഘടനയെ ദോഷകരമായി ബാധിക്കുന്നതാണെന്നും ആണ് കേരളത്തിന്റെ ഹര്‍ജിയിലെ വാദം. ഈ സാഹചര്യത്തില്‍ നാല് ബില്ലുകള്‍ തടഞ്ഞുവെച്ച രാഷ്ട്രപതിയുടെ നടപടി ഭരണഘനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം. ബില്ലുകള്‍ തടഞ്ഞ തീരുമാനം റദ്ദാക്കണം. ഇതിനായി സുപ്രിംകോടതി അതിന്റെ അസാധാരണ അധികാരം ഉപയോഗിക്കണമെന്നുമാണ് കേരളത്തിന്റെ ഹര്‍ജിയിലെ ആവശ്യം.

മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയെന്നും നാലെണ്ണം തടഞ്ഞുവെച്ചുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത് ഫെബ്രുവരി 23നും 29നും. എന്നാല്‍ ബില്ലുകള്‍ തടഞ്ഞുവെച്ചതിന് മതിയായ കാരണം രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചിട്ടില്ലെന്നാണ് കേരളത്തിന്റെ വാദം. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണ്ണറെ മാറ്റുന്നതാണ് തടഞ്ഞുവച്ചവയില്‍ മൂന്ന് ബില്ലുകള്‍. കേരള സഹകരണ സൊസൈറ്റി നിയമ ഭേദഗതിയാണ് മറ്റൊരു ബില്‍. സുപ്രിംകോടതിയിലെ തലമുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാലിന്റെ ഉപദേശം അനുസരിച്ചാണ് രാഷ്ട്രപതിയുടെ ഓഫീസിനെതിരെ കേരളത്തിന്റെ അസാധാരണ നീക്കം. കേരളത്തിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഏപ്രില്‍ ആദ്യം പരിഗണിക്കും. രാഷ്ട്രപതി തീരുമാനമെടുക്കാത്തവയില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന ബില്ലുകളില്ല. ഗവര്‍ണ്ണര്‍ രാഷ്ട്രപതിക്ക് വിട്ട ഏഴ് ബില്ലുകളില്‍ തീരുമാനമെടുക്കണം. ബില്ലുകളില്‍ പലതും ഗവര്‍ണ്ണര്‍ രണ്ട് വര്‍ഷം വരെ തടഞ്ഞുവെച്ചതാണെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു.

ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്ത് വന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാണിച്ചു. രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തില്‍ പെടുന്ന ബില്ലുകളല്ല നിയമസഭ പാസാക്കിയത്. ഈ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ല. ബില്ലുകള്‍ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും രാഷ്ട്രപതി ഉള്‍പ്പെടെ എല്ലവരും ഭരണഘടനക്ക് കീഴിലാണെന്നും പി രാജീവ് വ്യക്തമാക്കി.

 

 

Related Articles

Back to top button