IndiaLatest

മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി

“Manju”

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതി മാര്‍ച്ച് 26 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. പ്രത്യേക ജഡ്ജി കാവേരി ബവേജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 26ന് രാവിലെ 11-ന് കവിതയെ ഹാജരാക്കണമെന്ന് അന്വേഷണ ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച സുപ്രീംകോടതി കവിതയുടെ ജാമ്യം നിരസിക്കുകയും വിചാരണ കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നൂറ് കോടി രൂപ കെ കവിത നേതാക്കള്‍ നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

കവിതയ്ക്കെതിരെ സാക്ഷി മൊഴികളും ഇലക്ട്രോണിക് തെളിവുകളുമുണ്ടെന്നായിരുന്നു ഇഡി കഴിഞ്ഞ ദിവസം വാദിച്ചത്. ഡല്‍ഹി മദ്യനയത്തിന്റെ പ്രയോജനം ലഭിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും ആംആദ്മി പാര്‍ട്ടി (എഎപി) നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കള്‍ക്ക് 100 കോടി കൈമാറിയെന്നും ഇഡി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ കോടതി ഇന്നലെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്. കെജ്രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം.

Related Articles

Back to top button