KeralaLatest

കുടുംബശ്രീ പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കെതിരേ പ്രതിഷേധം കടുപ്പിക്കാന്‍ ലെന്‍സ്ഫെഡ്; മാര്‍ച്ച് 27ന് സംസ്ഥാന വ്യാപകമായി മാര്‍ച്ചും ധര്‍ണയും

“Manju”

തിരുവനന്തപുരം: കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകളെ കെട്ടിടനിര്‍മാണാനുമതിക്കു വേണ്ട പ്ലാന്‍ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരേ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് ലെന്‍സ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി എസ് വിനോദ് കുമാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 27 ന് സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലെ കലക്ടറേറ്റ്, നഗരസഭ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക് ലെന്‍സ്ഫെഡിന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

കുടുംബശ്രീയെ ഉപയോഗിച്ച് പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. സര്‍ക്കാറിന്റെ ഈ നടപടി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സംസ്ഥാനത്തെ മുപ്പത്തയ്യായിരത്തോളം ലൈസന്‍സ്ഡ് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും തൊഴിലിന് ഭീഷണിയായി മാറും, സി എസ് വിനോദ് കുമാര്‍ പറഞ്ഞു. എം-പാനല്‍ ചെയ്തവര്‍ക്ക് മാത്രമേ പ്ലാന്‍ വരയ്ക്കാന്‍ കഴിയൂ എന്നത് ലൈസന്‍സികളെ ബുദ്ധിമുട്ടിലാക്കുകയാണ്. സാധാരണ ലൈസന്‍സിന്റെ ഇരട്ടിഫീസ് അടച്ച് എം-പാനല്‍ ചെയ്യാമെന്ന് വിചാരിച്ചാല്‍ അതിന് വളരെയേറെ കാലതാമസം ഉണ്ടാവുകയാണ്. ഇക്കാരണത്താല്‍ ലൈസന്‍സികളുടെ തൊഴിലില്ലായ്മ രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കെ-സ്മാര്‍ട്ട് നടപ്പാക്കുന്നത്. കേരളത്തിലെ ലൈസന്‍സികള്‍ സര്‍ക്കാരും ലെന്‍സ്ഫെഡും നല്‍കുന്ന പരിശീലനം പൂര്‍ത്തിയാക്കി പ്ലാന്‍ വരക്കാന്‍ തയ്യാറായി വരുന്ന ഘട്ടത്തിലാണ് എം-പാനല്‍ എന്‍ജിനിയര്‍മാര്‍ കുറവാണ് എന്ന കാരണം പറഞ്ഞ് പ്ലാന്‍ വരയ്ക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ ചുമതലപ്പെടുത്തുന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്. എം-പാനല്‍ ചെയ്ത ലൈസന്‍സികള്‍ കുറവാണെങ്കില്‍ റഗുലര്‍ ലൈസന്‍സികള്‍ക്ക് എല്ലാവിധ പ്ലാന്‍ വരക്കാനുള്ള അനുവാദം നല്‍കുന്നതിന് പകരം കുടുംബശ്രീകളെ ആശ്രയിക്കുന്നത് ഈ മേഖലയുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഇല്ലാതാക്കുന്നതോടൊപ്പം പതിനായിരകണക്കിന് ലൈസന്‍സ്ഡ് എഞ്ചിനീയര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യും, സി എസ് വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ലൈസന്‍സികളുടെ തൊഴിലിന് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ പറഞ്ഞു. സിവില്‍ എന്‍ജിനീയറിങ് പ്രൊഫഷന്റെ മാന്യത തകര്‍ക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. സംസ്ഥാനത്ത് രണ്ട് തരം ലൈസന്‍സികളെ സൃഷ്ടിക്കരുതെന്നും കുടുംബശ്രീ – ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് നാടിന് ദോഷം ചെയ്യുമെന്നും ജിതിന്‍ സുധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ലൈസന്‍സികള്‍ക്കും കെ-സ്മാര്‍ട്ടില്‍ ലോറിസ്‌ക് കെട്ടിടങ്ങളുടെ പ്ലാന്‍ വരയ്ക്കാന്‍ അനുമതി നല്‍കണം. നിലവിലുള്ള എല്ലാ ലൈസന്‍സന്‍സികളെയും എം-പാനല്‍ ലൈസന്‍സുകളാക്കണമെന്നും ജിതിന്‍ സുധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍, സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, സംസ്ഥാന പിആര്‍ഒ എം മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button