KeralaLatest

വെട്ടുകത്തിയുമായെത്തി ജഡ്ജിയുടെ ചേംബറില്‍ കയറാന്‍ ശ്രമം, തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി പ്രതി

“Manju”

കോട്ടയം: ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളില്‍ വെട്ടിപരുക്കേല്‍പ്പിച്ചു. ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ബുധനാഴ്ചയാണ് സംഭവം. ആക്രമണം നടത്തിയ കാരപ്പുഴ സ്വദേശി രമേശനെ അറസ്റ്റ് ചെയ്തു. ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്ന രമേശന്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ടാണ് ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലര്‍ക്കുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നീട് ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി.

വൈകിട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശന്‍ വീണ്ടും ചേംബറിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ചിങ്ങവനം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയനാണ് വെട്ടേറ്റത്. കൂടുതല്‍ പൊലീസ് എത്തി രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

ചങ്ങനാശേരി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജയന്റെ പരിക്ക് ഗുരുതരമല്ല.

 

Related Articles

Back to top button