IndiaKeralaLatest

കേരളത്തിന് കടമെടുക്കാന്‍ ഇനിയും കാത്തിരിക്കണം; ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

“Manju”

ഡല്‍ഹി: കേന്ദ്രസര്‍ക്കാരില്‍ നിന്ന് അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. കടമെടുപ്പ് പരിധിയില്‍ നിയമപരമായ റിവ്യൂ സാധ്യമാകുമോ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തി. കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.

കേരളത്തിന് കൂടുതല്‍ കടം എടുക്കാന്‍ നിലവില്‍ അനുവാദമില്ല. തല്‍ക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണം. ഒരു വര്‍ഷം അധികകടം എടുത്താല്‍ അടുത്ത വര്‍ഷത്തില്‍ നിന്ന് അത് കുറയ്ക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഓരോ സംസ്ഥാനത്തിനും എത്ര വരെ കടമെടുക്കാന്‍ കഴിയും എന്നത് സംബന്ധിച്ചതുള്‍പ്പടെയുള്ള പ്രധാന ഹര്‍ജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 293ാം അനുഛേദപ്രകാരമാണ് പ്രധാനമായും ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്. ഈ അനുഛേദം ഇതുവരെ കോടതികളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇന്ന് ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആറ് ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കാര്യങ്ങള്‍ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതായിരിക്കും നല്ലതെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

Related Articles

Back to top button