KeralaLatest

ഗുരുവിന്റെ ത്യാഗജീവിതത്തെ ഓര്‍ത്ത് നാം പ്രാര്‍ത്ഥിക്കണം: സ്വാമി സ്‌നേഹാത്മ ജ്ഞാനതപസ്വി

“Manju”

പോത്തന്‍കോട്: ഗുരുവിന്റെ ത്യാഗജീവിതത്തെ ഓര്‍ത്ത് നാം എപ്പോഴും പ്രാര്‍ത്ഥിക്കണമെന്ന് ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ് (അഡ്മിനിസ്‌ട്രേഷന്‍) സ്വാമി സ്‌നേഹാത്മ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. നവഒലിജ്യോതിര്‍ദിനം- 25 സര്‍വ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയില്‍ എട്ടാം ദിവസം (ഏപ്രില്‍ 21) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി.

ആ പ്രാര്‍ത്ഥനയില്‍ കൂടെയല്ലാതെ നമുക്ക് മോചനമില്ല. ഒരു ദിവസം വെളുപ്പിന് ഗുരുവിന്റെ മുറിയില്‍ ചെന്നപ്പോള്‍ മേശപ്പുറത്ത് താളം പിടിച്ചുകൊണ്ട് ഗുരു പതുക്കെ ഇങ്ങനെ പറയുന്നു ‘പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ ഫലം’. പ്രാര്‍ത്ഥന മനസ്സിന്റെ വിളക്കാണ്, ആത്മാവിന്റെ ആഹാരമാണ്. പ്രസ്ഥാനത്തിനുവേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയണം. ഈശ്വരനുമായുള്ള അനുരഞ്ജനമാണ് പ്രാര്‍ത്ഥന. ഗുരുവിന്റെ ധര്‍മ്മപാത നമുക്ക് നേര്‍സാക്ഷ്യമാണ്. ആ ത്യാഗജീവിതത്തിന്റെ നെരിപ്പോടിന്റെ ഒരംശം നമുക്ക് കിട്ടുമ്പോള്‍ ആനന്ദമുണ്ടാകും. പുഷ്പസമര്‍പ്പണം പോലുള്ള കര്‍മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ അത് നമുക്ക് ലഭിക്കുമെന്ന് സ്വാമി പറഞ്ഞു.

ശേഷം പ്രഭാഷണം നടത്തിയ ന്യൂഡല്‍ഹി സോണ്‍ ചീഫ് (അഡ്മിനിസ്‌ട്രേഷന്‍) ജനനി പൂജ ജ്ഞാനതപസ്വിനി ഗുരുവിനെക്കുറിച്ച് എത്ര തന്നെ പഠിച്ചാലും നമുക്ക് ഗുരുവിനെ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ലയെന്ന് അഭിപ്രായപ്പെട്ടു. ഒരിക്കല്‍ ഗുരു പറഞ്ഞു എനിക്ക് ഒരാള്‍ക്ക് മാത്രം ജീവിക്കാനാണെങ്കില്‍ ഒരു കൗപീനവുമുടുത്ത് എവിടെയെങ്കിലും ഇരുന്നാല്‍ മതി, എനിക്കുള്ളതൊക്കെ അവിടെ കിട്ടും. പക്ഷേ ഗുരു നമുക്ക് വേണ്ടിയായിരുന്നു ജീവിച്ചത്. ഗുരു ഓരോ കുടുംബങ്ങള്‍ക്കും ഗുരുപൂജ ചെയ്യുമ്പോള്‍ ആ ഗോത്രത്തിനാണ് നന്‍മ വരുന്നത്. ഒരാള്‍ക്ക് സന്ന്യാസം കൊടുക്കുമ്പോഴാകട്ടെ ആ കുലത്തിനാണ് നന്മ. അനേകം ഗോത്രങ്ങള്‍ ചേരുന്നതാണ് ഒരു കുലം. ഗോത്രത്തിനും കുലത്തിനുമെല്ലാം നന്‍മ കൊടുക്കുന്നത് ഗുരു തന്റെ ആത്മതപസ്സിന്റെ അംശം നല്‍കിയാണ്. നമ്മുടെ പ്രാരാബ്ധങ്ങള്‍ ഗുരു ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ആ ദൈവനിശ്ചയം കൂടെയുണ്ടെങ്കില്‍ എല്ലാം നേടിയെടുക്കാം എന്നാണ് ഗുരു പറഞ്ഞത്. ആ ദൈവനിശ്ചയം നമ്മുടെ ഗുരു തന്നെയാണെന്നും ജനനി പറഞ്ഞു.

ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡോ.എം.മുരളീധരനും ശാന്തിഗിരി മാതുമണ്ഡലം നെടുമങ്ങാട് ഏരിയ കമ്മിറ്റി ഡെപ്യൂട്ടി കണ്‍വീനര്‍ പി.മംഗളവും അനുഭവം പങ്കുവെച്ചു. പ്രഭാഷണ പരമ്പരയുടെ ഒമ്പതാം ദിനമായ ഇന്ന് സ്വാമി ആത്മബോധ ജ്ഞാനതപസ്വിയും പി.ജി. രവീന്ദ്രനും പ്രഭാഷണം നടത്തും.

 

Related Articles

Back to top button