ശ്രീജ.എസ്
ന്യൂഡല്‍ഹി : ലോകത്തിലെ സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന രാജ്യമല്ല ഇപ്പോള്‍ ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന് രക്ഷയും സഹായവുമായി മാറിക്കൊണ്ട് മുന്നേറിയിരിക്കുകയാണ് നമ്മളെന്നും പ്രധാനമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമര്പ്പണ് ദിവസില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ദീനദയാല്‍ ഉപാദ്ധ്യായയുടെ ചരമദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഭാരതം വോക്കല്‍ സെ ലോക്കലെന്ന മന്ത്രത്താല്‍ മുന്നേറുന്നു. സാങ്കേതിക വിദ്യ വ്യാപിച്ചതോടെ സാധാരക്കാരന്റെ ജീവിതത്തില്‍ വലിയ ഉന്നതിയുണ്ടാകുന്നു. ലോകത്തിന് അഭിമാനമായി ഭാരതം മാറുന്നത് കണ്ട് ലോകത്തിലുള്ള എല്ലാ ഭാരതീയന്റെ ഹൃദയവും അഭിമാനം കൊണ്ട് നിറയുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. നാം മഹാപുരുഷന്മാരുടെ സ്വപ്നം സാക്ഷാത്കരിച്ച് മുന്നേറുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബി.ജെ.പിയാണ് സാധാരണക്കാരന്റെ വികാസത്തിനായി പരിശ്രമിക്കുന്ന പാര്‍ട്ടി. എല്ലായിടത്തും കൂട്ടായ്മയുടേയും സ്നേഹത്തിന്റേയും പരിശ്രമമാണ് നടക്കേണ്ടത്. മുമ്പ് സംസ്ഥാനങ്ങള്‍ പുതുതായി ഉണ്ടാക്കിയാല്‍ എല്ലായിടത്തും വഴക്കും സംഘര്‍ഷവുമായിരുന്നു. എന്നാലിന്ന് സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയതില്‍ രാജ്യം സന്തോഷിക്കുകായാണ്. ലഡാക്-കാര്‍ഗില്‍ മേഖലയുടെ സ്വയം ഭരണത്തിലും, ജമ്മു കശ്മീര്‍ കേന്ദ്രഭരണത്തിലും ജനത സന്തോഷത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.