ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ ചില ചോദ്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്ത്. 13, 14 ചോദ്യങ്ങളിലാണ് ആശയക്കുഴപ്പം. ഇവയില്‍ ഉത്തരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ചോദ്യമുണ്ടായിരുന്നില്ലെന്നും ഒരു വിദ്യാര്‍ഥി പറയുന്നു. ട്വിറ്ററിലാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പരാതി.
അതെ സമയം ചോദ്യപേപ്പറിലെ തെറ്റിനെക്കുറിച്ച് ഇന്‍വിജിലേറ്ററെ അറിയിച്ചപ്പോള്‍ ആ ചോദ്യങ്ങള്‍ വിട്ടുകളയാനായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ചോദ്യോത്തരങ്ങള്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായി കൂടുതല്‍ വിദ്യാര്‍ഥികളും രംഗത്തെത്തി. എന്നാല്‍ ചോദ്യപേപ്പറില്‍ തെറ്റില്ലെന്ന് വാദിച്ച് സി.ബി.എസ്.ഇ രംഗത്തെത്തി. ചുവടെ നല്‍കിയിരിക്കുന്ന ഭാഗം വായിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക/നല്കിയിരിക്കുന്നവയില്നിന്ന് ഏറ്റവും അനുയോജ്യമായ ഓപ്ഷന് തെരഞ്ഞെടുത്ത് പ്രസ്താവനകള്‍ പൂര്‍ത്തിയാക്കുക -ഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് മറുപടി നല്‍കേണ്ടതെന്നും സി.ബി.എസ്.ഇ അറിയിച്ചു.
അതെ സമയം നേരത്തേ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിലെ ഒരു ചോദ്യവുമായി ബന്ധപ്പെട്ടും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 2002ലെ ഗുജറാത്ത് കലാപം ഏത് സര്‍ക്കാറിന് കീഴിലായിരുന്നുവെന്നായിരുന്നു ചോദ്യം.