KeralaLatest

വിദ്യാര്‍ഥികളെ ചാര്‍ട്ടേഡ് വിമാനത്തില്‍  കൊച്ചിയിലെത്തിച്ചു

“Manju”

കൊച്ചി: യുക്രെയിനില്‍നിന്നു മടങ്ങിയെത്തുന്ന മലയാളി വിദ്യാര്‍ഥികളെ കേരളത്തിക്കാന്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഡല്‍ഹിയില്‍നിന്നു 168 മലയാളി വിദ്യാര്‍ഥികളെ എയര്‍ ഏഷ്യയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ ബുധനാഴ്ച(മാര്‍ച്ച്‌ 2) രാത്രി 8.20നു കൊച്ചിയില്‍ എത്തിച്ചു. ഇതില്‍ 80 പെണ്‍കുട്ടികളും 88 ആണ്‍കുട്ടികളും ഉള്‍പ്പെടും. ഇവര്‍ക്ക് സ്വദേശങ്ങളിലേക്കു മടങ്ങാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കും കാസര്‍കോഡിനും രണ്ടു പ്രത്യേക ബസുകളും സജ്ജമാക്കിയിരുന്നു. ചാര്‍ട്ടേഡ് വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ വിദ്യാര്‍ഥികളെ മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

വിദ്യാര്‍ഥികളുടെ സഹായത്തിനായി വനിതകളടങ്ങുന്ന പ്രത്യേക സംഘത്തെയും നോര്‍ക്ക റൂട്ട്‌സ് നിയോഗിച്ചിട്ടുണ്ട്. യുക്രെയിനില്‍നിന്നു കൂടുതല്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു പരമാവധി വേഗത്തില്‍ ഇവരെ കേരളത്തിലെത്തിക്കാന്‍ ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഏര്‍പ്പെടുത്തിയത്. ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഫെബ്രുവരി 26 മുതല്‍ രാജ്യത്തേക്കെത്തുന്ന മലയാളി വിദ്യാര്‍ഥികളെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സൗജന്യമായാണു വിമാനമാര്‍ഗം കേരളത്തിലേക്ക് എത്തിക്കുന്നത്. ന്യൂഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളിലെത്തുന്ന വിദ്യാര്‍ഥികളെ അവിടെനിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യതയനുസരിച്ചാണു നാട്ടിലേക്ക് അയക്കുന്നത്.

യുക്രെയിനില്‍ നിന്നു മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ കേരള ഹൗസുകളില്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കു വിശ്രമ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇതിനു പുറമേ തിരുവനന്തപുരത്തെ നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. യുക്രെയിനിലുള്ള കുട്ടികളുമായി വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ മുഖേന നേരിട്ടു ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.

വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ മന്ത്രി മാര്‍ക്കു പുറമെ ഹൈബി ഈഡന്‍ എം.പി, എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ്, നോര്‍ക്ക ഡപ്യൂട്ടി സെക്രട്ടറി (ഹോം ഓതന്റിഫിക്കേഷന്‍ ഓഫീസര്‍ ) ഡി.വിമല്‍ കുമാര്‍ ,നോര്‍ക്ക സെന്‍ട്രല്‍ മാനേജര്‍ കെ.ആര്‍ റജീഷ്,സിയാല്‍ ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ് ) സി ദിനേശ് കുമാര്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.

Related Articles

Back to top button