വയറെരിയുന്നവരുടെ മിഴി നിറയ്ക്കാതെ “ഹൃദയപൂർവ്വം” പദ്ധതി നാല് വര്‍ഷം പൂര്‍ത്തിയാക്കി
കണ്ണൂരിൽ ഡി വൈ എഫ് കഴിഞ്ഞ നാല് വർഷത്തിനിടെ വിളമ്പിയത് സ്നേഹത്തിന്റെ രുചിയുള്ള എട്ട് ലക്ഷം പൊതിച്ചോറുകൾ. വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം ഡി വൈ എഫ് ഐ എന്ന പദ്ധതി നാല് വർഷം പൂർത്തീകരിച്ചു.സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നാലാം വാർഷിക ദിനത്തിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു.
പേമാരി വന്നപ്പോഴും പ്രളയം വന്നപ്പോഴും സ്നേഹത്തിന്റെ രുചിയുള്ള ആ പൊതിച്ചോറ് മുടങ്ങിയിട്ടില്ല.കൊറോണ എന്ന മഹാമാരിയിൽ രാജ്യം ലോക്ക് ഡൌൺ ആയപ്പോഴും വയറെരിയുന്നവരുടെ മിഴി നനഞ്ഞില്ല.
ഒരു ദിവസം പോലും മുടങ്ങാതെ ജില്ലാ ആശുപത്രിയിലെ പൊതിച്ചോർ വിതരണം 1461 ദിവസം പൂർത്തിയാക്കി.നാല് വർഷം പൂർത്തിയാക്കുന്ന ദിവസം പൊതിച്ചോർ വിതരണം ചെയ്യാനെത്തിയത് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
എല്ലാ ദിവസവും ഉച്ച സമയത്ത് പൊതിച്ചോറുമായി ഡി വൈ എഫ് ഐ പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിലുണ്ടാകും.
മുൻകൂട്ടി അറിയിച്ച് വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിക്കും.വിശക്കുന്നവന് ഒരു പിടി അന്നം നൽകാൻ മനസ്സ് കാണിക്കുന്ന വീട്ടുകാരുടെ നന്മ കൂടിയാണ് നാല് വർഷത്തിനിടെ എട്ട് ലക്ഷം ലക്ഷം പൊതിച്ചോറുകളായി ജില്ലാ ആശുപത്രിക്ക് മുന്നിൽ എത്തിയത്.