ErnakulamKeralaLatest

സഹസ്രദള പദ്മം :കൗതുകമായി റോസ് നിറത്തിൽ ആയിരം ഇതളുള്ള താമരപ്പൂ

“Manju”

ഗണേഷ് അനന്തകൃഷ്ണൻ എന്ന മലയാളി യുവാവിന്റെ കാത്തിരിപ്പ് സഫലം. തൃപ്പൂണിത്തുറയിലെ വീടിന്റെ ടെറസിൽ റോസ് നിറത്തിൽ ആയിരം ഇതളുകളുള്ള താമരപ്പൂ വിരിഞ്ഞിരിക്കുന്നു. മറ്റൊന്ന് വിടരാൻ നിൽക്കുന്നു. അതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.

സഹസ്രദള പത്മത്തെക്കുറിച്ച് പുരാണങ്ങളിലൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഇതളുകളോടെ ഇന്ത്യയുടെ ദേശീയ പുഷ്പം തെക്കേ ഇന്ത്യയിൽ വിരിഞ്ഞിരിക്കുന്നത് ഇതാദ്യമാണത്രെ.

മൂവാറ്റുപുഴയിൽ റബ്ബർ ബോർഡിൽ ഉദ്യോഗസ്ഥനായ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡ് ഗോകുലത്തിൽ ഗണേഷ് കുമാർ അനന്തകൃഷ്ണന്റെ വീട്ടു ടെറസിലെ പൂന്തോട്ടത്തിലാണ് കണ്ണുകൾക്ക് ആനന്ദം പകരുന്ന ഈ അപൂർവ കാഴ്ച. പ്ലാസ്റ്റിക് പാത്രത്തിൽ വളർന്നു നിൽക്കുന്ന ചെടിയിൽ താമരപ്പൂ വിരിഞ്ഞിട്ട് നാലു ദിവസമായി. ഒരു മൊട്ട് വിടരാനായി നിൽപ്പുണ്ട്. അത് അടുത്ത ദിവസങ്ങളിൽ വിടരും.

ലോകത്താകെയുള്ള താമരപ്പൂക്കളെക്കുറിച്ച് പഠിക്കുകയും വിത്തുകൾ ക്രോസ് ചെയ്ത് വ്യത്യസ്തങ്ങളായ താമരപ്പൂക്കൾ സൃഷ്ടിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ഗണേഷ് അനന്തകൃഷ്ണൻ. ത്രിപുരയിൽ ജോലി നോക്കവേ അവിടത്തെ പൂന്തോട്ടം കാടുകയറിക്കിടക്കുന്നതു കണ്ട് പുല്ലൊക്കെ വെട്ടിമാറ്റി ഭംഗിയാക്കി. നാട്ടിൽനിന്ന് താമരവിത്ത് കൊണ്ടുവന്നു നട്ടു.

ഇന്ത്യക്കാരനായ ചൈനയിലുള്ള സുഹൃത്ത് വഴി ആയിരം ഇതൾ വിരിയുന്ന താമരയുടെ കിഴങ്ങ് അന്ന് കിട്ടി. അത് അവിടെ നട്ട് ചെടിയായി. പൂവിട്ടു. റോസ് ഉൾപ്പെടെ മറ്റ് പല പൂക്കൾക്കും പല കളറുകളുണ്ട്. പിന്നെന്തുകൊണ്ട് താമരയിൽ അതില്ല എന്ന അന്വേഷണമാണ് താൻ പിന്നീട് നടത്തിയതെന്ന് ഗണേഷ് പറയുന്നു.

മധുര മീനാക്ഷി ക്ഷേത്രത്തിൽ സ്വർണത്താമര കൊണ്ട് പൂജ ചെയ്തിരുന്നതിനെക്കുറിച്ചൊക്കെ തമിഴ്നാട്ടിൽ കൃഷി സെമിനാറിൽ പോയപ്പോൾ അറിഞ്ഞു. അങ്ങനെ മഞ്ഞത്താമരയുടെ വിത്തും ഗണേഷ് ക്രോസ് ചെയ്തെടുത്തു. മഹാരാഷ്ട്രയിലെ ഭർവിയിലുള്ള സോമനാഥ് പാൽ എന്ന സുഹൃത്തിന് അത് നൽകി. അവിടെ അത് ചെടിയായി മഞ്ഞത്താമര വിരിയുകയും ചെയ്തു.

പരാഗണം നടത്തി അദ്ദേഹം ആദ്യമായി സൃഷ്ടിച്ച താമരയ്ക്ക് തന്റെ അമ്മയുടെ പേരായ അലമേലു എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. താമരപ്പൂക്കളെ ഏറെ ഇഷ്ടപ്പെടുന്നതിനാൽ അതിന്റെ പഠനത്തെ തുടർന്നാണ് ഗണേഷ് അനന്തകൃഷ്ണൻ സഹസ്രദള താമര ഉൾപ്പെടെ വ്യത്യസ്തങ്ങളായ താമരകൾ ലോകത്തിനായി സൃഷ്ടിക്കുന്നത്.

Related Articles

Back to top button