സിന്ധുമോള്‍ ആര്
കോല്‍ക്കത്ത: കോവിഡ് ലക്ഷണമുള്ളയാളെ പിപിഇ കിറ്റ് ധരിച്ച് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ്. വെസ്റ്റ് ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം. 43കാരനായ അമല്‍ ബാരിക്കിനെ ബൈക്കിന് പുറകില്‍ ഇരുത്തിയാണ് തൃണമൂല്‍ നേതാവ് സത്യാകം പട്നായിക് ബൈക്ക് ഓടിച്ച് ആശുപത്രിയിലേക്കു പോയത്. കുടിയേറ്റ തൊഴിലാളിയായ അമല്‍ തന്റെ ഗ്രാമമായ സിജുവയിലേക്ക് അടുത്തിടെയാണ് മടങ്ങിയെത്തിയത്.
അമലിന് പനിയുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്കു പോകുവാന്‍ ഇദ്ദേഹത്തിന് ആംബുലന്‍സ് ലഭിച്ചില്ല. ഇക്കാര്യമറിഞ്ഞ സത്യാകം പട്നായിക് രണ്ടാമതൊന്ന് ചിന്തിക്കാതെ മെഡിക്കല്‍ സ്റ്റോറില്‍ പോയി പിപിഇ കിറ്റ് വാങ്ങി ധരിച്ച് തന്റെ ബൈക്കില്‍ അമല്‍ ബാരിക്കിന്റെ വീട്ടിലേക്കു പോയി. അമല്‍ ബാരിക്കിന്റെ ഭാര്യയോടും മക്കളോടും സംസാരിച്ചതിനു ശേഷം അദ്ദേഹവുമായി സത്യാകം, ബൈക്കില്‍ ആശുപത്രിയിലേക്കു പോകുകയായിരുന്നു. അമലിന്റെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചു. സ്രവം എടുത്തതിനു ശേഷം അമലിനെ തിരികെ വീട്ടില്‍ കൊണ്ടു വിടുകയും ചെയ്തു. എന്നാല്‍ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല.