ശ്രീജ.എസ്
തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനു പകരം തുല്യതുകയ്ക്കുള്ള കൂപ്പണ്‍ നല്‍കണമെന്ന് ശുപാര്‍ശ. കേരള സിവില്‍ സപ്ലൈസ് ഓഫീസേഴ്സ് അസോസിയേഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നല്കി. സാധനങ്ങള്‍ കിറ്റാക്കി നല്‍കുന്നതിനുപകരം കൂപ്പണ്‍ നല്കിയാല് വിതരണച്ചെലവിനത്തില്‍ ഒരുമാസം 16 മുതല്‍ 20 വരെ കോടിരൂപ ലാഭിക്കാമെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
ഓണക്കിറ്റ് വിതരണം ഈ മാസം 15 വരെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ നാലുമാസംകൂടി കിറ്റ് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. അടുത്ത കിറ്റിന് ആവശ്യമായ സാധനങ്ങള്‍ സപ്ലൈകോ സംഭരിച്ച് തുടങ്ങിയിട്ടില്ല. കൂപ്പണ്‍ നല്കിയാല് കിറ്റിന്റെ മൂല്യത്തെയും സാധനങ്ങളുടെ ഗുണനിലവാരത്തെയും അളവിനെയും സംബന്ധിച്ച പരാതികള്‍ ഒഴിവാക്കാനാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു