രണ്ടാമതൊരു ഉംറക്ക് തീയതി ബുക്ക് ചെയ്യാന്‍ 14 ദിവസം കാത്തിരിക്കണം
സിന്ധുമോള്‍ . ആര്
ജിദ്ദ: ഒരു ഉംറ നിര്‍വഹിച്ച ശേഷം മറ്റൊരു ഉംറക്ക് തീയതി ബുക്ക് ചെയ്യാന്‍ തീര്‍ഥാടകര്‍ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. തീര്‍ഥാടകര്‍ക്ക് രണ്ടുതവണ ഉംറ നിര്‍വഹിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍, രണ്ടാമത്തെ ഉംറക്ക് 14 ദിവസം കാത്തിരിക്കണം. ഉംറ ബുക്ക് ചെയ്യാനുള്ള ‘ഇഅ്തമര്‍നാ’ആപ് നിലിവല്‍ ആപ്പിള്‍ സ്റ്റോറില്‍ മാത്രമാണ് ലഭിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് എല്ലാവര്ക്കും ഉംറ നിര്‍വഹിക്കാന്‍ അവസരം നല്കുന്നതിനുവേണ്ടിയാണ് ഒരു ഉംറക്കുശേഷം രണ്ടാമത്തെ ഉംറക്ക് 14 ദിവസത്തെ കാലാവധി നിശ്ചയിച്ചതെന്ന് മന്ത്രാലയ ചീഫ്- പ്ലാനിങ്, സ്ട്രാറ്റജി ഒാഫിസര്‍ ഡോ.അംറ് അല്മദയ വ്യക്തമാക്കി. ഇൗ വര്‍ഷത്തെ ഉംറ പദ്ധതി ആദ്യഘട്ടം ഒക്ടോബര്‍ നാലിന് ആരംഭിക്കും.
ഇതുവരെ 35,000 പേര് ഉംറക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യ പെരുമാറ്റച്ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായിരിക്കും ഉംറക്ക് അനുമതി നല്‍കുക. ആദ്യഘട്ടത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഒരുദിവസം ആറു സമയങ്ങളാണ് നിശ്ചയിച്ചത്. ഒാരോ തീര്‍ഥാടകനും മൂന്നു മണിക്കൂര്‍ അനുവദിക്കും. സൂര്യാസ്തമയത്തിനും രാത്രി നമസ്കാരങ്ങള്‍ക്കുമിടയില്‍ തീര്‍ഥാടകരെ ഉംറ നടത്താന്‍ അനുവദിക്കില്ല. പകരം ഇൗ സമയം ശുചീകരണ അണുവിമുക്തമാക്കല്‍ ജോലികള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ധ രാത്രിയാണ് ഉംറ നിര്‍വഹണം ആരംഭിക്കുക. ഒാരോ സംഘവും വരുന്നതിനുമുമ്ബ് ഹറം അണുവിമുക്തമാക്കും. ഒാരോ ഗ്രൂപ്പിലും സൂപ്പര്വൈസര്മാരുണ്ടായിരിക്കും. തീര്‍ഥാടകര്‍ സാമൂഹിക അകലം പാലിക്കുക, സമയക്രമം തെറ്റാതിരിക്കുക തുടങ്ങിയവ സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പുവരുത്തും. കോവിഡ് സാധ്യത കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഹറമിനടുത്ത ഹോട്ടലുകളില്‍ റൂമുകള്‍ ലഭ്യമാക്കും. ആദ്യഘട്ടം വിലയിരുത്തിയും പോരായ്മകള്‍ പരിഹരിച്ചുമായിരിക്കും രണ്ടാഴ്ചക്കുശേഷം രണ്ടാംഘട്ടം ആംഭിക്കുക.
ലോക മുസ്ലിംകളുടെ ആരോഗ്യസുരക്ഷക്ക് ഹജ്ജ്, ഉംറ സീസണുകളില്‍ രാജ്യം വലിയ ജാഗ്രതയാണ് കാണിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി തീര്‍ഥാടനം എളുപ്പത്തിലും സമാധാനത്തിലും നടത്താന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ടവും ഫീഡ്ബാക്ക് വിലയിരുത്തിയും പോരായ്മകള്‍ പരിഹരിച്ചുമായിരിക്കും ആരംഭിക്കുക. ഉംറ ആപ്ലിക്കേഷന്‍ നേരത്തേ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍, ആന്‍ഡ്രോയിഡ് പോളിസികള്‍ കാരണം വൈകുകയായിരുന്നു. ഒരേ സമയം ആപ്പിളിനും ആന്‍ഡ്രോയിഡിനും ആപ്ലിക്കേഷന്‍ അവതരിപ്പിച്ചുവെങ്കിലും ആപ്പിള്‍ നേരത്തേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.