KeralaLatestThiruvananthapuram

മറയൂരില്‍ കരടിക്കൂട്ടത്തിന്റെ ആക്രമണം; ബാലനെ സാഹസികമായി രക്ഷപ്പെടുത്തി

“Manju”

മറയൂര്‍ : കരടിക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ട ബാലനെ അച്ഛനും സഹോദരനും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ പുതുക്കുടി ആദിവാസി കോളനിയിലെ അരുള്‍കുമാറിന്റെ മകന്‍ കാളിമുത്തു(12)വിനാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആണ്‍പെണ്‍ കരടികളും ഒരു കരടിക്കുട്ടിയും ഉള്‍പ്പെടെ മൂന്നെണ്ണം സംഘത്തിലുണ്ടായിരുന്നു. ഇതില്‍ ആണ്‍ കരടിയാണ് കാളിമുത്തുവിനെ ആക്രമിച്ചത്. കുട്ടിയുടെ കരച്ചില്‍കേട്ട് സമീപത്തുണ്ടായിരുന്ന അച്ഛന്‍ അരുള്‍കുമാറും സഹോദരന്‍ വിജയകുമാറും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കാല്‍മുട്ടുകള്‍ക്ക് കരടിയുടെ കടിയേറ്റ് സാരമായി പരിക്കേറ്റ കാളിമുത്തുവിനെ തോളില്‍ ചുമന്നാണ് കോളനിയിലെത്തിച്ചത്.

ഞായറാഴ്ച രാവിലെ പത്തോടെ അരുള്‍കുമാര്‍ മക്കളുമായി പാല്‍ക്കൊടി എന്ന കാട്ടുവള്ളി ശേഖരിക്കാനാണ് ഊരില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മുളങ്ങാമുട്ടി വനത്തില്‍ പോയത്. പരമ്പരാഗത മുതുവാന്‍ വീടുകള്‍ നിര്‍മിക്കുന്നതിന് പല്‍ക്കൊടി വള്ളിയാണ് ഉപയോഗിക്കുന്നത്. അച്ഛനും സഹോദരനും പാല്‍ക്കൊടി വെട്ടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സമീപത്തെ പാറയുടെ മുകളില്‍ ഇരുന്ന കാളിമുത്തുവിന് നേരെ കരടിയുടെ അപ്രതീക്ഷിത ആക്രമണം. വനത്തിനുള്ളിലൂടെ കാല്‍നടയായും വാഹനത്തിലുമായി നാല് മണിക്കൂറെടുത്തു കുട്ടിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കാന്‍. കാളിമുത്തുവിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നു.

Related Articles

Back to top button