കൊച്ചി: രണ്ട് മാസം മാത്രം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് ആലപ്പുഴ സ്വദേശി അനില്‍ കുമാറിന് ലഭിച്ചത് അപ്രതീക്ഷിതമായ തുണ. കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം ഇരുട്ടിലായപ്പോള്‍ പ്രതീക്ഷയുടെ വെളിച്ചവുമായെത്തിയത് എം.എ യൂസഫലിയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും.
ഇന്തോനേഷ്യയിലുള്ള ലുലു മാളിലെ മലയാളി ജീവനക്കാരുടെ കുക്കായിരുന്നു അനില്‍കുമാര്‍. ജോലിക്ക് കയറി രണ്ട് മാസം തികയറായപ്പോഴാണ് ഉറങ്ങി എഴുന്നേറ്റപ്പോള്‍ കാഴ്ചയില്ലെന്ന ഭീതിദമായ സത്യം അനില്‍കുമാര്‍ അറിയുന്നത്. കടുത്ത പ്രമേഹമാണ് പ്രശ്നമായത്. ലുലു ഗ്രൂപ്പ് ജീവനക്കാര്‍ ചേര്‍ന്ന് ഇന്തോനേഷ്യയിലെ ഏറ്റവും നല്ല ആശുപത്രിയില്‍ അനില്‍ കുമാറിന് ചികിത്സാ സംവിധാനമൊരുക്കി. ഇന്‍ഷ്വറന്‍സിന് പുറമെ ചികിത്സയ്ക്കായി ചെലവായ 2 ലക്ഷം രൂപ ലുലു ഗ്രൂപ്പ് കെട്ടിവച്ചു. അനിലിന്റെ ആഗ്രഹപ്രകാരം നാട്ടിലേക്ക് പോകാന്‍ വിമാനടിക്കറ്റും സഹായത്തിനായി അഞ്ചരലക്ഷം രൂപയും ലുലു ഗ്രൂപ്പ് മാനേജ്മെന്റും ജീവനക്കാരും ചേര്‍ന്ന് നല്കി. രണ്ട് മാസത്തെ അധിക ശമ്പളം ഉള്‍പ്പെടെ പന്ത്രണ്ടര ലക്ഷം രൂപയുടെ സഹായമാണ് ചികിത്സയ്ക്കും മറ്റുമായി കൈമാറിയത്.
നാട്ടിലെത്തിയപ്പോള്‍ ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഒരു ലക്ഷം രൂപ കൂടി നല്കി. മകളുടെ പഠന ചെലവിനുള്ള തുക കണ്ടെത്തുന്നതിനടക്കം അനില്‍ കുമാര്‍ ബുദ്ധിമുട്ടുന്നതായുള്ള വിവരം അറിഞ്ഞയുടനെയാണ് മുന്‍ ജീവനക്കാരന് കരുതലുമായി എം.എ യൂസഫലി വീണ്ടും എത്തിയത്. യൂസഫലിയുടെ നിര്‍ദ്ദേശപ്രകാരം ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ്, അനില്‍ കുമാറിന്റെ വീട്ടിലെത്തി അഞ്ച് ലക്ഷം രൂപ കൈമാറി. മകളുടെ പഠനം മുടങ്ങില്ലെന്ന് ഉറപ്പായതോടെ യൂസഫലിയുടെ ഇടപെടലിന് ഒരിക്കല്‍ കൂടി നന്ദി പറയുകയാണ് അനില്‍ കുമാറും കുടുംബവും.