KeralaLatest

പി.പി.ഇ കിറ്റില്ല, ഗ്ലൗസിനും സാനിറ്റൈസറിനും പണം സ്വന്തം കീശയില്‍ നിന്ന്, കൊവിഡ് ഭീതിയില്‍ എക്സൈസ്

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കണ്ണൂരില്‍ കൊവിഡ് ബാധിച്ച്‌ എക്സൈസ് ഡ്രൈവര്‍ സുനില്‍ മരണപ്പെട്ടതോടെ, എക്സൈസ് വകുപ്പില്‍ ജീവനക്കാ‌ര്‍ ഭീതിയില്‍. രോഗ പ്രതിരോധത്തിന് സ‌ര്‍ക്കാരില്‍ നിന്ന് യാതൊരു സംവിധാനവും സജ്ജമാക്കാത്തതാണ് ജീവനക്കാരെ ഭയപ്പാടിലാക്കുന്നത്. കൊവിഡ് പ്രതിരോധ, നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്സൈസിനെ സര്‍ക്കാര്‍ അവശ്യ സര്‍വീസുകളുടെ പട്ടികയില്‍പ്പെടുത്തിയെങ്കിലും കൊവിഡിന്റെ തുടക്കം മുതല്‍ നാളിതുവരെ രോഗപ്രതിരോധത്തിനോ കരുതല്‍ നടപടികള്‍ക്കോ സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും എക്സൈസ് സേനയ്ക്ക് ലഭിച്ചില്ല.
കണ്ണൂരില്‍ ഇന്ന് യുവ എക്സൈസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിതനായി മരണപ്പെട്ടതോടെ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഴുവന്‍ സമയവും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സേനാംഗങ്ങളെല്ലാം ആശങ്കയിലായി. മരിച്ച ഉദ്യോഗസ്ഥന്റെ രോഗബാധയുടെ ഉറവിടം അജ്ഞാതമായി തുടരവേ ഡ്യൂട്ടിയ്ക്കിടെയുണ്ടായ സമ്പര്‍ക്കമാകാം രോഗബാധയ്ക്ക് കാരണമെന്നാണ് നിലവിലെ സംശയം. മട്ടന്നൂര്‍ റേഞ്ച് ഓഫീസിലെ ഡ്രൈവറായ സുനില്‍ എക്‌സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ പ്രതിയുമായി ജൂണ്‍ മൂന്നാം തീയതി ജില്ലാ ആശുപത്രിയില്‍ പോയിരുന്നു. അവിടെ അന്നേ ദിവസം മറ്റൊരു വ്യക്തി കൊവിഡ് ടെസ്റ്റിനായി വന്നിരുന്നു. ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സൂചന.

സംസ്ഥാനം കൊവിഡ് ഭീതിയിലായ കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളിലും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തികളിലും എക്സൈസ് സജീവമാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മദ്യശാലകള്‍ അടയ്ക്കുകയും നാടാകെ വ്യാജവാറ്റും വില്‍പ്പനയും സജീവമാകുകയും ചെയ്തപ്പോഴെല്ലാം രാപകല്‍ ഓടി നടന്നവരാണ് എക്സൈസ് ഉദ്യോഗസ്ഥര്‍. ജീവനക്കാ‌ര്‍ സ്വന്തം ചെലവില്‍ വാങ്ങിയ ഗ്ളൗസും സാനിറ്റൈസറും മാസ്കുമായിരുന്നു ഇത്രനാളും രോഗ പ്രതിരോധത്തിന് ഇവരുടെ കൈമുതല്‍. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ നിന്ന് യാതൊരുവിധ സാമ്പത്തിക സഹായമോ സുരക്ഷാ ഉപകരണങ്ങളോ എക്സൈസ് ഓഫീസുകള്‍ക്കോ ഉദ്യോഗസ്ഥ‌ര്‍ക്കോ ലഭിച്ചില്ല. കഴിഞ്ഞ മൂന്നുമാസം കൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നുവര്‍ഷംകൊണ്ട് പിടിക്കുന്നത്ര വാറ്റ് കേസുകളും തൊണ്ടി മുതലുകളുമാണ് കണ്ടെത്തിയത്. കേസിലെ മിക്ക പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തിയ കിലോ കണക്കിന് കഞ്ചാവും പലയിടങ്ങളില്‍ നിന്നായി പിടികൂടി. തിരുവനന്തപുരത്ത് അബ്കാരികേസില്‍ പൊലീസ് പിടികൂടിയ പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും പൊലീസ് സ്റ്റേഷന്‍ അടച്ചിടുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ടായിട്ടും കരുതലോടെയുള്ള പ്രവര്‍ത്തനമാണ് എക്സൈസ് ഓഫീസുകളെ കൊവിഡിന്റെ പിടിയില്‍ നിന്ന് രക്ഷിച്ചത്. പൊലീസിനൊപ്പം മുഴുവന്‍ സമയവും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന എക്സൈസിന് സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ സ‌ര്‍ക്കാരോ എക്സൈസ് വകുപ്പോ താല്‍പ്പര്യം കാണിച്ചില്ല.
കണ്ണൂരില്‍ ഡ്രൈവര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതോടെ എന്‍ഫോഴ്സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാ‌ര്‍ വിമുഖരാകുകയാണ്. പി.പി.ഇ കിറ്റ്,​ ഗ്ളൗസ്,​ മാസ്ക്, സാനിട്ടൈസര്‍,​ തെര്‍മ്മല്‍ സ്കാനര്‍,​ വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള സംവിധാനം എന്നിവ സംസ്ഥാനത്തെ എക്സൈസ് സേനയ്ക്ക് അടിയന്തരമായി ലഭ്യമാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഡ്രൈവറുടെ മരണത്തോടെ പല റേഞ്ച് ഓഫീസുകളിലും ഓഫീസ‌ര്‍മാര്‍ സ്വന്തം കീശയില്‍ നിന്ന് കാശ് മുടക്കി പി.പി.ഇ കിറ്റും സാനിറ്റൈസറും മാസ്കും വാങ്ങിയിട്ടുണ്ടെങ്കിലും വന്‍ തുക മുടക്കി എത്രനാള്‍ ഇവ സ്വന്തം ചെലവില്‍ വാങ്ങി സ‌ര്‍ക്കാരിനെ സേവിക്കാനാകുമെന്ന് ആര്‍ക്കും നിശ്ചയമില്ല. സര്‍ക്കാരോ പൊതുമേഖലാസ്ഥാപനങ്ങളോ ഇടപെട്ട് ഓരോ എക്സൈസ് ഓഫീസിനും ആവശ്യമായ കൊവിഡ് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Related Articles

Back to top button