IndiaInternationalLatest

ചന്ദ്രയാന്‍ 3യുടെ പിന്നില്‍

“Manju”

ചന്ദ്രയാൻ 3ന്റെ ഐതിഹാസിക വിജയം ഇന്ത്യയ്‌ക്ക് വെറും ഒരു സിവിലിയൻ ബഹിരാകാശ നേട്ടമല്ല. അമേരിക്കയും റഷ്യയും ചൈനയും ബഹിരാകാശത്തെ സൈനികവല്‍ക്കരിക്കുന്ന കാലമാണിത്. ഭാവിയിലെ യുദ്ധങ്ങള്‍ ബഹിരാകാശത്തു നിന്നു കൂടിയായിരിക്കും. ബഹിരാകാശത്തെ നമുക്കെതിരായി ഉപയോഗിക്കാതിരിക്കാൻ അവിടെ സൈനിക അധീശത്വം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമാണ് ഇന്ത്യയുടെ സിവിലിയൻ ബഹിരാകാശ ദൗത്യങ്ങള്‍.
ചൈനയുടെയും ചൈനീസ് പിന്തുണയുള്ള പാകിസ്ഥാന്റെയും ഭീഷണിയാണ് ബഹിരാകാശത്തിന്റെ സൈനിക സാദ്ധ്യതകളിലേക്ക് ഇന്ത്യയെ നയിച്ചത്. 2007ല്‍ ചൈന ഉപഗഹ വേധ മിസൈല്‍ ശേഷി നേടി. 865കിലോമീറ്റര്‍ ഉയരത്തില്‍ കറങ്ങിയ സ്വന്തം ഉപഗ്രഹത്തെ മണിക്കൂറില്‍ 30,000 കിലോമീറ്റര്‍ വേഗതയുള്ള മിസൈല്‍ പ്രയോഗിച്ച്‌ തകര്‍ത്തു. അതോടെ ഇന്ത്യൻ ഉപഗ്രഹങ്ങള്‍ സുരക്ഷിതമല്ലെന്ന് വന്നു. 2019ല്‍ മിഷൻ ശക്തി എന്ന പേരില്‍ ഇന്ത്യ ആദ്യത്തെ ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. അമേരിക്കയും റഷ്യയും മാത്രമാണ് ഈ ശേഷിയുള്ള മറ്റ് രാജ്യങ്ങള്‍.
ആണവായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാനും ചൈനയ്‌ക്കും ഉണ്ട്. ബഹിരാകാശം വരെ നീളുന്ന സഞ്ചാരപഥത്തില്‍ നിന്ന് തിരികെ വന്ന് ശത്രുലക്ഷ്യത്തില്‍ പ്രഹരിക്കുന്ന റോക്കറ്റ് തന്നെയാണ് ബാലിസ്റ്റിക് മിസൈല്‍. റോക്കറ്റില്‍ പേലോഡ് ഉപഗ്രഹമാണെങ്കില്‍ ബാലിസ്റ്റിക് മിസൈലില്‍ പോര്‍മുനയാണ്. പാകിസ്ഥാന് ആണവശേഷിയുള്ള ആറ് തരം ബാലിസ്റ്റിക് മിസൈലുകള്‍ ഉള്ളപ്പോള്‍ ഇന്ത്യയ്‌ക്കും ഭൂഖണ്ഡാന്തരം ഉള്‍പ്പെടെ ആണവായുധ ശേഷി ഉള്ളതും ഇല്ലാത്തതുമായ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്ള ഏഴ് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന മിസൈല്‍ കവചമുള്ള നാല്‌ രാജ്യങ്ങളിലും ഇന്ത്യയുണ്ട്. റോക്കറ്റ് സാങ്കേതിക മുന്നേറ്റം ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് നേട്ടമാകും. ചൈനയുടെ അത്യുല്‍സാഹം 2030ഓടെ ബഹിരാകാശത്തെ ആയുധമത്സരം രൂക്ഷമാകും. അപ്പോഴേക്കും ഇന്ത്യയും സുസജ്ജമാകും.
ദേശീയ സുരക്ഷിതത്വത്തിന് ബഹിരാകാശ പ്രതിരോധം എന്ന ലക്ഷ്യത്തോടെ ഇന്ത്യ വിവിധ ഏജൻസികള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഡിഫൻസ് സ്‌പേസ് ഏജൻസി (DSA) ആണ് ഏറ്റവും പ്രധാനം. മൂന്ന് സേനാവിഭാഗങ്ങളും ഉള്‍പ്പെടുന്നു. ആസ്ഥാനം ബംഗളുരു. ബഹിരാകാശ യുദ്ധതന്ത്രങ്ങളും സാറ്റലൈറ്റ് ഇന്റലിജൻസും ഏകോപിപ്പിക്കുകയാണ് ചുമതല. ന്യൂഡല്‍ഹിയിലെ ഡിഫൻസ് ഇമേജറി പ്രോസസിംഗ് ആൻഡ് അനാലിസിസ് സെന്ററും ഭോപ്പാലിലെ ഡിഫൻസ് സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്ററും ഡി. എസ്. എയുടെ നിയന്ത്രണത്തിലാക്കി. പൂര്‍ണസജ്ജമായ ഒരു ഏറോ സ്‌പേസ് കമാൻഡിന്റെ മുന്നോടിയാണിത്. DSAയുടെ ബഹിരാകാശ സൈനിക ഉപാധികള്‍ വികസിപ്പിക്കാൻ ഡിഫൻസ് സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷനും ( D.S.R.O ) സ്ഥാപിച്ചു.
ബഹിരാകാശ സുരക്ഷിതത്വം സംബന്ധിച്ച്‌ ഇൻഡ് സ്പേസ് എക്‌സ് എന്ന പേരില്‍ മൂന്ന് സേനയുടെയും ശാസ്‌ത്രജ്ഞരുടെയും പങ്കാളിത്തത്തോടെ ഒരു ടേബിള്‍ടോപ് യുദ്ധാഭ്യാസവും നടത്തി. കമ്മ്യൂണിക്കേഷൻ, നിരീക്ഷണ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച്‌ ഇന്റലിജൻസ് വിവരങ്ങള്‍ ഏകോപിപ്പിക്കുന്ന അഭ്യാസമായിരുന്നു അത്.
പ്രതിരോധ മന്ത്രാലയവും ഐ. ഡി. എസും സ്‌പേസ് കമ്മിഷനും ഐ. എസ്. ആര്‍. ഒയും സംയുക്തമായാണ് ബഹിരാകാശ ഇന്റലിജൻസ് പ്രവര്‍ത്തനങ്ങളും ഗവേഷണവും പ്രതിരോധ വിദ്യകളുടെ വികസനവും ഏകോപിപ്പിക്കുന്നത്.
കലാം മുന്‍പേ പറഞ്ഞു : ഇന്ത്യ ബഹിരാകാശ സാങ്കേതിക വിദ്യ സൈനികാവശ്യത്തിന് ഉപയോഗിക്കണമെന്ന് ശക്തമായി വാദിച്ചത് ഡോ. എ. പി. ജെ അബ്ദുള്‍ കലാമാണ്. ഇന്ത്യ വിഷൻ 2020 എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. കമ്മ്യൂണിക്കേഷൻ – റിസോഴ്സ് മാപ്പിംഗ് ഉപഗ്രഹങ്ങളും പൈലറ്റില്ലാത്ത സൂപ്പര്‍സോണിക് വിമാനങ്ങളും ഇലക്‌ട്രോണിക് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും മിസൈലുകളും ഉപയോഗിക്കുന്ന സേനയാവും. ബഹിരാകാശ, ആഴക്കടല്‍ സംഘര്‍ഷങ്ങളിലുംബാലിസ്റ്റിക് മിസൈല്‍ യുദ്ധങ്ങളിലും ഇന്ത്യൻ വ്യോമസേന വിജയിക്കുന്ന കാലം വരും.
വാണിജ്യ വിക്ഷേപണ രംഗത്ത് :
ഏത് തരം ഉപഗ്രഹങ്ങളും വിക്ഷേപിക്കാൻ ശേഷിയുള്ള നാല് തരം റോക്കറ്റുകള്‍ ഇന്ത്യയ്‌ക്കുണ്ട്. പി. എസ്. എല്‍. വി, ജി. എസ്. എല്‍.വി, ജി. എസ്. എല്‍.വി മാര്‍ക്ക് 3 എന്നിവയും ചെറിയ ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാനുള്ള കുഞ്ഞൻ റോക്കറ്റായ എസ്. എസ്. എല്‍. വിയും. റോക്കറ്റിലെ ഈ വൈവിദ്ധ്യം വാണിജ്യ വിക്ഷേപണത്തില്‍ ഇന്ത്യയ്‌ക്ക് വലിയ സാമ്ബത്തിക നേട്ടമുണ്ടാക്കും.

Related Articles

Back to top button