IndiaLatest

കേരളത്തില്‍ നിന്നും 35 റെയില്‍വെ സ്റ്റേഷന്‍; 1242 കോടി അനുവദിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 35 റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കും. ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ് റെയില്‍വെ സ്‌റ്റേഷനുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കുകയെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പറഞ്ഞു. റെയില്‍വെ സ്റ്റേഷനുകളുടെ വികസനത്തിനായി ദക്ഷിണ റെയില്‍വെയ്‌ക്ക് 1242 കോടി അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

റെയില്‍വെ സ്‌റ്റേഷനുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അമൃത് ഭാരത് പദ്ധതി. സ്റ്റേഷനുകളിലേക്ക് മികച്ച പ്രവേശന കവാടം, നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, യന്ത്രഗോവണികള്‍, ശുചിമുറികള്‍, പാര്‍ക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയ സംവിധാനം, പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടല്‍, പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍ എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുക.

കൂടാതെ സൗജന്യ വൈഫെ, ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പ്രദര്‍ശനത്തിനായുള്ള സ്റ്റാളുകള്‍, എക്‌സിക്യട്ടീവ് ലോഞ്ചുകള്‍, ബിസിനസ് മീറ്റിംഗിനുള്ള സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കും. സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ സിറ്റി സെന്ററുകളുടെ വികസനവും ഉണ്ടാകും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമായാണ് വികസിപ്പിക്കുക. റെയില്‍വെ പാതകളില്‍ കല്ല് കൊണ്ടുള്ള നിര്‍മ്മാണത്തിന് പുറമെ കോണ്‍ക്രീറ്റ് കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
  • …..
Back to top button