IndiaLatest

ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പുനര്‍നാമകരണം ചരിത്രപരം

“Manju”

മുംബൈ: ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് സംഭാജി നഗര്‍, ധാരാശിവ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തത് ചരിത്രപരമായ കാരണങ്ങളാലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ മുംബൈ ഹൈക്കോടതിയെ അറിയിച്ചു. പുനര്‍നാമകരണത്തിന് രാഷ്ടീയ കാരണങ്ങള്‍ ഇല്ലെന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

നഗരങ്ങളുടെ പേരുകള്‍ മാറ്റിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച രണ്ട് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ക്ക് മറുപടിയായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഹര്‍ജിയില്‍ പറയുന്നത് തെറ്റാണെന്നും നാമകരണം ചെയ്തത് ചരിത്രപരമായ കാരണങ്ങളാല്‍ ആണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പേര് മാറ്റുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നാക്കി മാറ്റാനുള്ള തീരുമാനം മതപരവും സാമുദായികപരവുമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. ആ നഗരത്തിലെ ഭൂരിപക്ഷം ആളുകളും പേര് മാറ്റുന്നത് ആഘോഷിച്ചു. മുന്‍പ് ഒസ്മാനാബാദ്, ധാരാശിവ് എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് രേഖകള്‍ തെളിയിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.

സ്‌കന്ദപുരാണമനുസരിച്ച്‌, ധാരാശിവ് ഗ്രാമത്തില്‍ സരസ്വതി ദേവിയാല്‍ വധിക്കപ്പെട്ട ധാരാസുരന്‍ എന്ന അസുരന്‍ ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ സരസ്വതി ദേവി ധാരാസുര മര്‍ദ്ദിനി എന്നറിയപ്പെടുകയും ഗ്രാമത്തിന്റെ പേര് ധാരാശിവ എന്ന് അറിയപ്പെടുകയും ചെയ്തതായി സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഔറംഗബാദിന്റെ പേര് സംഭാജി നഗര്‍ എന്നും ഒസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു. 2022 ജൂലൈ 16-ന് സര്‍ക്കാര്‍ പ്രമേയം പാസാക്കുകയും അത് കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ തീരുമാനം രാഷ്ടീയ പ്രേരിതമാണെന്ന് ആരോപിച്ചു കൊണ്ട് രണ്ട് പൊതുതാല്‍പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു.

Related Articles

Back to top button