‘ട്രംപ് പ്ലാസ ഹോട്ടല്‍ ‘ തകര്‍ത്തു
ശ്രീജ.എസ്
വാഷിങ്ടണ്‍: ന്യൂജഴ്സിയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാസിനോ സാമ്രാജ്യമായിരുന്ന ട്രംപ് പ്ലാസ ഹോട്ടല്‍ ആന്റ് കാസിനോ തകര്‍ത്തു. അറ്റ്ലാന്റിക് കടല്‍ത്തീരത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കെട്ടിടം 2009ല്‍ ട്രംപിന് നഷ്ടമായിരുന്നു. പ്രസിഡന്റ് പദവിയിലെത്തും മുമ്പ് റിയല്‍ എസ്റ്റേറ്റ് രംഗത്തെ അറിയപ്പെട്ട സംരംഭകനായിരുന്ന ട്രംപ്. 1984ലാണ് ഹോട്ടലും കാസിനോയും നിര്‍മിച്ചത്. പാപ്പര്‍ നടപടിയിലാണ് കാല്‍നൂറ്റാണ്ട് കഴിഞ്ഞ് ഉടമസ്ഥത കൈവിട്ടത്.
രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കാഴ്ചകാണാന്‍ നൂറുകണക്കിന് പേര് പരിസരത്ത് വാഹനങ്ങളിലും അല്ലാതെയും കാത്തുനിന്നു. കൂടുതല്‍ അടുത്തു കാണാവുന്ന ഒരിടത്ത് 10 ഡോളര്‍ ടിക്കറ്റ് നിരക്ക് നല്‍കിയും ആളുകള്‍ ആസ്വാദകരായി.
3,000 ഡൈനമിറ്റ് ബോംബുകള്‍ ഉപയോഗിച്ച് നടത്തിയ തുടര്‍ സ്ഫോടനങ്ങളില്‍ അംബര ചുംബിയായ കെട്ടിടം നിമിഷങ്ങള്‍ക്കകമാണ് നിലം പൊത്തിയത് . മാലിന്യം നിറഞ്ഞ പൊടിപടലങ്ങള്‍ ഏറെ നേരം പരിസരം പൊതിഞ്ഞുനിന്നിട്ടും കൗതുകത്തോടെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നിന്നു.വര്‍ഷങ്ങളോളം ഉപയോഗശൂന്യമായി കിടന്ന കെട്ടിടം ഏഴു സെക്കന്‍ഡുകള്‍ക്കിടയില്‍ മണ്ണോടു ചേര്‍ന്നു.