Uncategorized

ജീവിതത്തിന്റെ ക്രീസില്‍ സച്ചിന് അര്‍ദ്ധ സെഞ്ച്വറി

“Manju”

ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തിയ ഇതിഹാസം. ജീവിതത്തിന്റെ ക്രീസില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കുന്നു. കളിക്കളത്തില്‍ നൂറു നൂറുകള്‍കൊണ്ട് ചരിത്രമെഴുതിയ സച്ചിന്‍ രമേഷ് ടെന്‍ഡുല്‍ക്കറെന്ന വിസ്മയം നാളെ 50-ാം പിറന്നാളിലെത്തുമ്ബോള്‍ 22 വാര പിച്ചിനി‌ടയിലെ 24 വര്‍ഷങ്ങളില്‍ അദ്ദേഹം സൃഷ്ടിച്ച മനോഹരനിമിഷങ്ങള്‍ ഒന്നൊന്നായി ഇന്ത്യക്കാരുടെ മനസില്‍ തെളിയുന്നു.
സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഈ നവംബറില്‍ 10 വര്‍ഷം തികയും. എന്നാല്‍ ഇപ്പോഴും കളിയാരാധകരുടെ മനസില്‍ നിന്ന് മാഞ്ഞുപോകാത്ത ഒരു സച്ചിനുണ്ട്.ഒരു പതിറ്റാണ്ടുകൊണ്ട് ക്രിക്കറ്റിന് കൂടുതല്‍ ചടുലത കൈവരികയും റെക്കാഡുകള്‍ പലതും മാഞ്ഞുതുടങ്ങുകയും ചെയ്തെങ്കിലും സച്ചിന്‍ അനശ്വരമാക്കിയ കേളീ മുഹൂര്‍ത്തങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. പ്രതിഭകൊണ്ട് സച്ചിന്റെ പിന്‍ഗാമിയെന്ന് പറയാനാവുന്ന പലരും പിന്നീട് ഉദയമെടുത്തിട്ടുണ്ടെങ്കിലും ആരാധകഹൃദയങ്ങളിലെ സച്ചിന്റെ സിംഹാസനം ഇപ്പോഴും അങ്ങനെതന്നെയുണ്ട്. അതിന് കാരണം തന്നിലെ ക്രിക്കറ്റ് കളിക്കാരനെക്കാള്‍ നന്നായി തന്നിലെ മനുഷ്യനെ തേച്ചുമിനുക്കിയെടുക്കാന്‍ സച്ചിന്‍ പുലര്‍ത്തിയിരുന്ന നിതാന്തജാഗ്രതയാണ്. സച്ചിനെപ്പോലെയോ അതിനുമേലെയോ കളിക്കാന്‍ കഴിയുന്നവര്‍ ഇനിയുമേറെ ഇതുവഴി വരാം. പക്ഷേ സച്ചിനെപ്പോലെ ജീവിക്കാന്‍ കഴിയുന്നവര്‍ ഉണ്ടാകണമെന്നില്ല.

ക്രിക്കറ്റിലെ ദൈവം, ക്രീസിലെ മനുഷ്യന്‍
നേരംകൊല്ലി കളിയില്‍ നിന്ന് ക്രിക്കറ്റിനെ ഇന്ത്യക്കാരുടെ ഇഷ്ടകായിക ഇനമാക്കി മാറ്റിയത് 1983ല്‍ ലോഡ്സില്‍ ലോകകപ്പ് ഉയര്‍ത്തിയ കപില്‍ ദേവിന്റെ ചെകുത്താന്മാരാണ്. വര്‍ണക്കുപ്പായത്തിലേക്കുള്ള ക്രിക്കറ്റിന്റെ ചുവടുവെയ്പ്പിനെ ആഘോഷമാക്കിത്തുടങ്ങിയ തലമുറയുടെ പ്രതിനിധിയാണ് സച്ചിന്‍. ലാലാ അമര്‍നാഥും അജിത് വഡേക്കറും വിജയ് ഹസാരെയും സുനില്‍ ഗവാസ്കറും ശ്രീകാന്തും കപിലുമൊക്ക നിറുത്തിയേടത്തുനിന്ന് കളി തന്നിലേക്കെത്തുമ്ബോള്‍ അതിനെ മറ്റൊരു വൈകാരികതലത്തിലേക്കുയര്‍ത്തുവാന്‍ സച്ചിന് കഴിഞ്ഞു. ബാറ്റുമായി സച്ചിന്‍ ക്രീസിലേക്ക് നടന്നുതുടങ്ങുന്ന സമയം മുതല്‍ നേരിടുന്ന ഓരോ പന്തുകളും ആരാധകഹൃദയങ്ങളില്‍ ആകാംക്ഷയുടെ, പ്രതീക്ഷയുടെ,ആശ്വാസത്തിന്റെ പെരുമ്ബറമുഴക്കങ്ങള്‍ സൃഷ്ടിച്ചു. സച്ചിന്‍ പുറത്താവുമ്ബോള്‍ ടെലിവിഷന്‍ സ്ക്രീനുകള്‍ നിശ്ചലമാകുന്നിടത്തോളം അയാള്‍ അതിന്റെ ജീവശ്വാസമായി മാറി. അയാള്‍ ചിരിച്ചപ്പോള്‍ രാജ്യം മുഴുവന്‍ ചിരിച്ചു.അയാളുടെ ഓരോ പുറത്താകലുകളും രാജ്യത്തിന്റെ വേദനയായി മാറി. ക്രിക്കറ്റാണ് ഇന്ത്യയിലെ ഏറ്റവും വലിയ മതമെന്നും അതിന്റെ പ്രത്യക്ഷ ദൈവമാണ് സച്ചിനെന്നും വാഴ്ത്തിപ്പാടലുകളുണ്ടായത് വെറുതേയായിരുന്നില്ല. ക്രീസില്‍ സച്ചിനെ ദൈവമാക്കി മാറ്റിയത് വരദാനമായി ലഭിച്ച കഴിവുകള്‍ മാത്രമായിരുന്നില്ല ; ഒരു സാധാരണ മനുഷ്യനായി ജീവിക്കാന്‍ അദ്ദേഹം നടത്തിയ പ്രയത്നവും കൂടിയാണ്. മാതാപിതാക്കളില്‍ നിന്നും സഹോദരനില്‍ നിന്നും ഗുരുക്കന്മാരില്‍നിന്നും ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നുമൊക്കെ കാലാകാലങ്ങളില്‍ തനിക്ക് കിട്ടിയ മൂല്യങ്ങളും സ്നേഹവും കരുതലുമൊക്കെ നല്ലൊരു മനുഷ്യനാകാനുള്ള അടിത്തറ സച്ചിന് നല്‍കിയിരുന്നു. നിരന്തരം പന്തുകള്‍ അതിര്‍ത്തിവര കടത്തി റണ്‍ റെക്കാഡുകള്‍ കീഴടക്കുമ്ബോഴും പുറത്താകലുകള്‍ സച്ചിനെ ഒരു സാധാരണ മനുഷ്യനാക്കി മാറ്റി. തനിക്കുനേരേ ഓരോതവണയും അമ്ബയറുടെ വിരലുയരുമ്ബോള്‍ അയാള്‍ സങ്കടപ്പെട്ടു. എന്നാല്‍ അമ്ബയറുടെ തീരുമാനം തെറ്റെന്നുറപ്പുണ്ടായിരുന്നപ്പോഴും മറുവാക്ക് ഉരിയാടാന്‍ നില്‍ക്കാതെ മടങ്ങി. ഒൗട്ടെന്ന് തനിക്കുറപ്പുണ്ടായിരുന്ന പന്തുകളില്‍ അമ്ബയറുടെ വിധിക്ക് മുന്നേ തിരിച്ചുനടക്കാന്‍ മടിച്ചില്ല. തന്നെ ഭത്സിച്ച്‌ തോല്‍പ്പിക്കാന്‍ ശ്രമിച്ച എതിരാളികളോടുള്ള മറുപടിക്കായി തന്റെ നാവിനെ അഴിച്ചുവിട്ടില്ല. ആ ജോലി തന്റെ ബാറ്റിന്റേതുമാത്രമാക്കി മാറ്റി. ഡ്രസിംഗ് റൂമില്‍ തനിക്ക് ലഭിച്ചതിലേറെ പരിഗണനയും സ്നേഹവും പിന്നാലെ വന്നവര്‍ക്കായി പങ്കുവച്ചു. അഞ്ചുലോകകപ്പുകളില്‍ തനിക്ക് നേടാന്‍ കഴിയാതെപോയ കിരീടത്തിനായി ആറാമതൊരുവട്ടംകൂടി പൊരുതാന്‍ ടീമിന് മുഴുവന്‍ പ്രചോദനമാകാന്‍ സച്ചിന് കഴിഞ്ഞു.

മാതാ, പിതാ, ഗുരു
സച്ചിന്റെ ക്രിക്കറ്റ് പ്രതിഭ ദൈവീകമാണെങ്കില്‍ അദ്ദേഹത്തെ നല്ലൊരു മനുഷ്യനാക്കി മാറ്റിയത് കുടുംബമാണ്. കവിയും നോവലിസ്റ്റുമായിരുന്ന പിതാവ് രമേഷ് ടെന്‍ഡുല്‍ക്കറുടെ ജീവിത സങ്കല്‍പ്പങ്ങള്‍ സച്ചിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തന്നെ മറന്ന് അനുജനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജ്യേഷ്ഠന്‍ അജിത്തില്‍നിന്നാണ് ത്യാഗത്തിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ അഭ്യസിച്ചത്. മകന് പ്രിയപ്പെട്ട വിഭവങ്ങള്‍ ഒരുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച അമ്മയായിരുന്നു അമ്മ രജനി.ശിവാജിപാര്‍ക്കില്‍ ക്രിക്കറ്റിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ ഗുരു രമാകാന്ത് അച്‌രേക്കറോടുള്ള ബഹുമാനവും കടപ്പാടും ഇന്നോളം സച്ചിന്‍ നിലനിറുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് പണത്തിന്റെയും പ്രശസ്തിയുടെയും ആകാശത്തേക്ക് പറന്നുയര്‍ന്നപ്പോഴും തറയില്‍ കാലുറപ്പിച്ചുനില്‍ക്കാന്‍ സച്ചിന് കഴിഞ്ഞത്. സമകാലീനരില്‍ പലരും ഒത്തുകളിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താണപ്പോള്‍ സച്ചിന്റെ തട്ട് ഉയര്‍ന്നുതന്നെ നിന്നത്.

ഭാര്യ അഞ്ജലിയ്ക്കൊപ്പം

അഞ്ജലീബദ്ധമീ ജീവിതം
ഇന്നേവരെ ഒരു ഗോസിപ്പ് കോളത്തിലും പേര് പതിയാതെ സൂക്ഷിക്കാന്‍ സച്ചിന് കഴിഞ്ഞത് ഭാര്യ അഞ്ജലി ഒപ്പമുണ്ടായിരുന്നതിനാലാണ്. തന്നേക്കാള്‍ പ്രായത്തില്‍ മൂത്ത അഞ്ജലിയെ സച്ചിന്‍ ജീവിതത്തിലേക്ക് ഒപ്പംകൂട്ടുന്നത് 1995 മേയ് 24നാണ്. പീഡിയാട്രീഷ്യയായ അഞ്ജലി വിവാഹത്തിന്ശേഷം ഒരു കുട്ടിയുടെ കാര്യത്തിലേക്ക് മാത്രം ശ്രദ്ധ പതിപ്പിക്കാനായി തന്റെ കരിയര്‍ തന്നെ വേണ്ടെന്നുവച്ചു. സച്ചിന്റെ ഓരോകാര്യത്തിലും അഞ്ജലിയുടെ ശ്രദ്ധ പതിഞ്ഞിരുന്നു. സച്ചിന്റെ ഭാര്യ മാത്രമായിരുന്നില്ല അഞ്ജലി. നല്ല സുഹൃത്തായും ഉപദേശകയായും മാനേജരായുമൊക്കെ പ്രത്യേകം പേരുനല്‍കാത്ത ഒരുപാടു റോളുകള്‍ അവര്‍ അണിഞ്ഞു. പണക്കിലുക്കത്തില്‍ മതി മറന്നുപോയ, സിനിമാനടിമാര്‍ക്ക് പിന്നാലെ ജീവിതം ഹോമിച്ച, ദുശ്ശീലങ്ങളില്‍ പ്രതിഭയെ മുക്കിക്കൊന്ന നിരവധി ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ നിന്ന് സച്ചിനെ സച്ചിനാക്കി മാറ്റിനിറുത്തിയത് അഞ്ജലിയുടെ കരുതലും സ്നേഹവുമാണ്.മകന്‍ അര്‍ജുനും മകള്‍ സാറയും താരപുത്രരെന്ന ലേബല്‍ പതിച്ചുനടക്കാതിരിക്കാനും അഞ്ജലി ശ്രദ്ധിക്കുന്നു.

IPL 2022: Sachin Tendulkar REVEALS advice to son Arjun Tendulkar regarding his selection in MI playing XI - WATCH | Cricket News | Zee News
അച്ചനും മകനും

അച്ഛന്റെ വഴിയേ അര്‍ജുന്‍
ഈ പിറന്നാള്‍ സച്ചിന് അധികം ആഹ്ളാദം പകരുന്നതാണ്.കാരണം അര്‍ജുന്‍ ഐ.പി.എല്‍ ടീമായ മുംബയ് ഇന്ത്യന്‍സിനായി കളിക്കളത്തിലിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. സണ്‍െെറസേഴ്സ് െെഹദരാബാദിനെതിരെ ആദ്യവിക്കറ്റുമെടുത്തു. സച്ചിന്റെ മകന്‍ എന്ന ഒറ്റലേബല്‍ മതിയായിരുന്നു ഇന്ത്യന്‍ ടീമിലുള്‍പ്പെടെ അര്‍ജുന് ഒരവസരം ലഭിക്കാന്‍. എന്നാല്‍ സ്വന്തം കഴിവുകൊണ്ടുതന്നെ മകന്‍ കളിക്കളത്തിലെത്തിയാല്‍ മതിയെന്ന് സച്ചിന്‍ നിലപാടെടുത്തു. ചെറുപ്രായം മുതല്‍ അവനെ ഒപ്പം കൂട്ടി പരിശീലനം നല്‍കുമ്ബോഴും അര്‍ഹതയില്ലാത്ത ഒരവസരം പോലും അര്‍ജുന് നല്‍കിയില്ല. താരങ്ങള്‍ നിറഞ്ഞ മുംബയ് രഞ്ജി ടീമില്‍ കളിക്കാന്‍ അവസരം കുറവായതിനാല്‍ ഗോവയിലേക്ക് മാറാന്‍ അര്‍ജുന് കഴിഞ്ഞത് തന്നേക്കാള്‍ വലുതാണ് ക്രിക്കറ്റ് എന്ന പിതാവിന്റെ ചിന്താഗതി മനസിലാക്കാനായതുകൊണ്ടാണ്. 2021മുതല്‍ അര്‍ജുന്‍ മുംബയ് ഇന്ത്യന്‍സിന്റെ സ്ക്വാഡിലുണ്ട്.എന്നാല്‍ രഞ്ജിയില്‍ മികവുപ്രകടിപ്പിച്ചതിന് ശേഷം മാത്രമാണ് പ്ളേയിംഗ് ഇലവനിലേക്ക് അവസരം നല്‍കിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയായിരുന്നു ഐ.പി.എല്ലില്‍ അര്‍ജുന്റെ അരങ്ങേറ്റം. 2009 .പി.എല്ലില്‍ സച്ചിന്‍ കൊല്‍ക്കത്തയ്ക്കെതിരെ ബൗള്‍ ചെയ്തപ്പോള്‍ ആദ്യ ഓവറില്‍ വഴങ്ങിയത് അഞ്ചുറണ്‍സാണ്. അര്‍ജുനും ആദ്യ ഓവറില്‍ വഴങ്ങിയത് അഞ്ചു റണ്‍സ്. 2013ല്‍ രോഹിത് ശര്‍മ്മയെ അരങ്ങേറ്റ ടെസ്റ്റില്‍ ക്യാപ് നല്‍കി സ്വീകരിച്ചത് സച്ചിനാണ്. അതേ രോഹിതില്‍ നിന്ന് അര്‍ജുന്‍ മുംബയ് ഇന്ത്യന്‍സിന്റെ ക്യാപ് സ്വീകരിക്കുമ്ബോള്‍ അത് സച്ചിന് വൈകാരികമായ ഒരനുഭൂതിയായി മാറുന്നു. അല്ലെങ്കിലും പിതാക്കന്മാര്‍ നിറുത്തിയേടത്തുനിന്നാണല്ലോ പുത്രന്മാര്‍ ആരംഭിക്കേണ്ടത്.

 

Related Articles

Back to top button