IndiaLatest

രക്തത്തിന് പകരം ശരീരത്തില്‍ കയറ്റിയത് ജ്യൂസ്, രോഗി മരിച്ചു

“Manju”

ലക്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഡെങ്കിപ്പനി ബാധിച്ച്‌ മുപ്പത്തിരണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. രക്തം കയറ്റുന്നതിന് പകരം രോഗിയുടെ ശരീരത്തില്‍ ജ്യൂസ് കയറ്റിയെന്നാണ് കുടുംബത്തിന്റെ പരാതി. പ്രയാഗ്‌രാജിലെ ഗ്ലോബല്‍ ഹോസ്‌പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിനെതിരെയാണ് ആരോപണം.

യുവാവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ ആശുപത്രി പൂട്ടി സീല്‍ ചെയ്തു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടു.

ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്ന് നല്‍കിയ പാക്കുകളിലൊന്നില്‍ മുസമ്പി ജ്യൂസിനോട് സാമ്യമുള്ള ദ്രാവകമാണ് നിറച്ചിരുന്നത്. ഇതാണ് രക്തത്തിന് പകരം അവന്റെ ശരീരത്തില്‍ കയറ്റിയത്. ഇതോടെ ആരോഗ്യനില വഷളായി. ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്റെ ഇരുപത്തിയാറുകാരിയായ സഹോദരി ഇന്ന് വിധവയാണ്. ആശുപത്രിയ്‌ക്ക് സംഭവിച്ച വീഴ്‌ചയ്‌ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’- മുപ്പത്തിരണ്ടുകാരന്റെ ഭാര്യയുടെ സഹോദരന്‍ സൗരഭ് ത്രിപാഠി പറഞ്ഞു.

അതേസമയം, രോഗിയുടെ ബന്ധുക്കള്‍ മറ്റെവിടെ നിന്നോ ആണ് രക്തം വാങ്ങിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. മുസമ്പി ജ്യൂസ് ആണെന്നു ആരോപിക്കുന്ന ബ്ലഡ് പാക്കിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button