IndiaLatest

ആദ്യത്തെ സൗരോർജ്ജ ഉത്പാദന ഗ്രാമം; പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : ഗുജറാത്തിലെ മൊധേരയെ സമ്പൂർണ്ണ സൗരോർജ്ജ ഉത്പാദന ഗ്രാമമായി പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 24 മണിക്കൂറും പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സൗരോർജ്ജ ഉത്പാദന ഗ്രാമമായിരിക്കും ഇത്. കുറഞ്ഞ ചെലവിൽ ഊർജ്ജം ഉത്പാദിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ ആഗ്രഹം സഫലമാക്കിക്കൊണ്ടാണ് ഗുജറാത്തിലെ ഈ ഗ്രാമം ലോകശ്രദ്ധ നേടാനൊരുങ്ങുന്നത്. ഒക്ടോബർ 9 ന് പ്രഖ്യാപനം നടക്കും.

2030 ഓടെ രാജ്യത്ത് ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ 50 ശതമാനം പുനരുപയോഗ ഊർജ്ജത്തിലൂടെ ഉത്പാദിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയം നിറവേറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.

മെഹ്സാനയിലെ സുജ്ജൻപുരയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ച് സോളാർ പവർ പ്രോജക്ട് വഴിയാണ് മൊധേര സൂര്യക്ഷേത്രത്തിലും നഗരത്തിലും സൗരോർജ്ജ ഉത്പാദനം ആരംഭിച്ചത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തിയ പദ്ധതിയാണിത്. ഇതിനായി 12 ഹെക്ടർ സ്ഥലം ഗുജറാത്ത് സർക്കാർ വിട്ടുകൊടുത്തു. 80.66 കോടി രൂപയാണ് ആകെ ചെലവ്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും രണ്ടു ഘട്ടങ്ങളിലായി ഇത് ചെലവഴിച്ചത്. ആദ്യഘട്ടത്തിൽ 69 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 11.66 കോടി രൂപയും ചെലവഴിച്ചു.

ഈ പദ്ധതിയിലൂടെ മൊധേര രാജ്യത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ്ജ ഉത്പാദന ഗ്രാമമായി മാറുന്നു. സോളാർ അധിഷ്ഠിത അൾട്രാ മോഡേൺ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷൻ ഉള്ള ആദ്യത്തെ ആധുനിക ഗ്രാമമായിരിക്കും ഇത്. മൊധേരയിലെ ജനങ്ങൾ വൈദ്യുതി ബില്ലിൽ 60% മുതൽ 100% വരെ ലാഭിക്കുമെന്നതും ഒരു സവിശേഷതയാണ്. സൂര്യക്ഷേത്രത്തിലെ ഹെറിറ്റേജ് ലൈറ്റിംഗും 3-ഡി പ്രൊജക്ഷനും ഇനി സൗരോർജ്ജത്തിൽ പ്രവർത്തിക്കും.

Related Articles

Back to top button