കോവിഡ് മുക്തരില്‍ ഓര്‍മക്കുറവും മസ്തിഷ്ക പ്രശ്നങ്ങളും; പഠന റിപ്പോര്‍ട്ട്
ലണ്ടന്‍: ലോകത്ത് രണ്ടാം തരംഗമായി മുന്നേറുന്ന കോവിഡ് മഹാമാരിയുടെ പാര്‍ശ്വ ഫലങ്ങളെ കുറിച്ച് മുന്നറിയിപ്പു നല്കി ബ്രിട്ടീഷ് വിദഗ്ധര്‍. രണ്ട് ലക്ഷത്തിലേറെ കോവിഡ് മുക്തരില്‍ നടത്തിയ പഠനത്തിനൊടുവില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ശക്തമായ മുന്നറിയിപ്പുള്ളത്.
മൂന്നിലൊന്ന് പേരിലും മാനസിക പ്രശ്നങ്ങളോ നാഡീസംബന്ധമായ രോഗങ്ങളോ ബാധിക്കുന്നതായാണ് കണ്ടെത്തല്‍. രോഗം വന്ന് ആറു മാസത്തിനകം ഇവരില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതായും ‘ലാന്‍സെറ്റ് സൈക്യാട്രി’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .കൂടുതലായി കണ്ടെത്തിയ പ്രശ്നം ഉത്കണ്ഠയാണ് – 17 ശതമാനം. മാനസിക അവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റം കണ്ടത് 14 ശതമാനത്തിലും.
മറ്റു പകര്‍ച്ചപ്പനി ബാധിച്ചവരെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളിലാണ് നാഡീസംബന്ധമായ രോഗങ്ങള്‍ കൂടുതലായി തിരിച്ചറിഞ്ഞത്. തലച്ചോറിലും നാഡീവ്യവസ്ഥയിലും കൊറോണ വൈറസ് ഏല്പിക്കുന്ന ആഘാതം സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്ന് നോട്ടിങ്ങാം യൂനിവേഴ്സിറ്റിയിലെ സൈക്യാട്രി പ്രഫസര്‍ ഡോ. മൂസ സമി അറിയിച്ചു . അതെ സമയം ഓര്‍മക്കുറവ് , മസ്തിഷ്കാഘാതം പോലുള്ള ഗുരുതര പ്രശ്നങ്ങളും അപൂര്‍വമായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയവരിലാണ് ഇതിന്റെ സാധ്യത കണ്ടെത്തിയത്.