KeralaLatest

കോവിഡാനന്തരകാലം തൊഴിലാളി മുതലളി നിര്‍വചനം മാറും.

“Manju”

 

വി.ബി.നന്ദകുമാര്‍

ഇന്ന് മെയ്ദിനമാണ്. ലോകത്തെമ്പാടുമുള്ള അധ്വാനിക്കുന്നവര്‍ക്ക് അവിസ്മരണീയ ദിനം. പണിയെടുക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് വിനോദത്തിനും വിശ്രമത്തിനും അവകാശമുണ്ടെന്ന് സ്ഥാപിച്ചെടുത്ത ദിവസം.

ചിക്കാഗോയിലെ തൊഴിലാളികള്‍ അങ്കം വെട്ടി മനുഷ്യാവകാശം നേടിയെടുത്ത ദിവസത്തിന്റെ ഓര്‍മ്മദിനം. ലോകത്തെയാകെ ഗ്രസിച്ച കോവിഡ് എന്ന മഹാമാരി മനുഷ്യചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ന് സൃഷ്ടിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ലോകമെങ്ങും തൊഴിലാളിവര്‍ഗം ഇത്തവണ മെയ് ദിനമാചരിക്കുന്നത്. വികസിത, വികസ്വര, അവികസിത ഭേദമന്യെ ശതകോടിക്കണക്കിന് തൊഴിലാളികളാണ് ലോകമെമ്പാടും തൊഴില്‍രഹിതരാവുകയും പൊടുന്നനെ അനിശ്ചിതത്വത്തിലേക്ക് തള്ളിനീക്കപ്പെടുകയും ചെയ്തത്.

അത്യന്തം ഉല്‍ക്കണ്ഠാജനകമായ തൊഴില്‍സ്തംഭനവും തൊഴില്‍രാഹിത്യവും ഭീതിജനകമായ സാമ്പത്തിക അനിശ്ചിതത്വവുമാണ് വരാന്‍പോകുന്നത്. മനുഷ്യരാശി നാളിതുവരെ ആര്‍ജിച്ചതും ഏതാനും പേരുടെ കൈപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നതുമായ സമ്പത്തിന്റെ നീതിപൂര്‍വമായ പുനര്‍വിതരണമാണ് വരുംകാലത്ത് ഉണ്ടാകേണ്ടത് എന്ന ബോധ്യത്തിലേക്കാണ് കാര്യങ്ങല്‍ നീങ്ങുന്നതെന്നു പറയാം.
എട്ടുമണിക്കൂര്‍ തൊഴില്‍ സമയത്തിനു വേണ്ടിയാണ് ഷിക്കാഗോയില്‍ തൊഴിലാളികള്‍ ചോര ചിന്തിയത്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ കോവിഡ് 19 മഹാമാരിയുടെ മറവില്‍ പലയിടത്തും തൊഴില്‍ സമയം 12 മണിക്കൂറായിട്ടുണ്ട്. ആറ്റംബോംബ് വര്‍ഷത്തിന് ശേഷം തകര്‍ന്ന് തരിപ്പണമായ ജപ്പാന്റെ അതിജീവനത്തിനായി തൊഴിലാളികള്‍ കൂടുതല്‍ സമയം പണിയെടുത്തത് ചരിത്രയാഥാര്‍ത്ഥ്യം. എന്നാല്‍ ജപ്പാന്‍ ഭരണകൂടം അന്ന് തൊഴിലാളികള്‍ക്കൊപ്പം ഉണ്ടായിരുന്നു.

കൊവിഡ് 19 ഇന്ത്യയില്‍ 13.6 കോടി രൂപയുടെ തൊഴിലുകള്‍ നഷ്ടമാക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 2008-09ലെ ആഗോള സാമ്പത്തിക മാന്ദ്യം, ഡിമാന്‍ഡില്‍ വലിയ ഇടിവുണ്ടാക്കിയിരുന്നു. അപ്പോളും നമ്മുടെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നു.

നമ്മുടെ ധനകാര്യ സംവിധാനവും സര്‍ക്കാരിന്റെ ധനസ്ഥിതിയും മെച്ചമായ ആരോഗ്യകരമായ അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസിനെ നേരിടുമ്പോള്‍ ഇതൊന്നുമല്ല നമ്മുടെ അവസ്ഥ. കൂടുതല്‍ കാലത്തേയ്ക്ക് രാജ്യത്തെ ലോക്ക് ഡൗണ്‍ ചെയ്യേണ്ടി വരുന്ന അവസ്ഥ വളരെ കടുപ്പമേറിയതായിരിക്കും. വൈറസ് നിയന്ത്രണവിധേയമാക്കിയ ശേഷം എന്ത് ചെയ്യണമെന്നത് സംബന്ധിച്ചും പദ്ധതി വേണം. ഇന്‍ഫെക്ഷന്‍ കുറവായ മേഖലകളില്‍ കൃത്യമായ മുന്‍കരുതലുകളോടെ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നത് സര്‍ക്കാര്‍ കൂടിയാലോചിക്കേണ്ട സമയമായിരിക്കുന്നു എന്നാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറയുന്നത്.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രിതന്നെ പറഞ്ഞു കഴിഞ്ഞു. ആയിരം കോടി രൂപ കടമെടുക്കാനൊരുങ്ങി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കടപത്രം വഴി ആയിരം കോടി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഈ സാമ്പത്തിക വര്‍ഷം ഇത് രണ്ടാം തവണയാണ് കടമെടുക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ തൊഴിലാളി ദിനത്തില്‍ നമ്മള്‍ കോവിഡാനന്തരകാലഘട്ടത്തെക്കുറിച്ച് ചിന്തിക്കാന്‍, ഭാവിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍. വരുംകാലം ആശങ്കയുടേതാണെന്ന് ഉത്തമ ബോധ്യത്തോടെയാണ് തൊഴിലാളികള്‍ മുന്നോട്ട് പോകുന്നത്. അസംഘടിതമേഖലയിലുള്ളവരെയായിരിക്കും കോവിഡാനന്തര കാലത്ത് പ്രതിസന്ധി ബാധിക്കുന്നത്. അവരാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍.

സര്‍ക്കാറുകളുടെ ക്ഷേമപദ്ധതികളാണ് ഏക ആശ്വാസം. കോവിഡാനന്തരം എല്ലാരാജ്യങ്ങളും പുറത്തുനിന്നുള്ള സാധനങ്ങളും സേവനങ്ങളും വേണ്ടെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഏറ്റവും അധികം തൊഴിലാളികളെ വിദേശത്തേക്ക് അയച്ചിരുന്ന ഇന്ത്യക്ക് വലിയ തിരിച്ചടിയാണിത്.

ഇപ്പോള്‍ നിലവിലുള്ള ആള്‍ക്കാര്‍ വിദേശത്തുനിന്നും തിരികെവരാന്‍ പോവുകയുമാണ്. ഇതു സൃഷ്ടിക്കാവുന്ന പ്രതിസന്ധി തരണംചെയ്യണമെങ്കില്‍ കേരളത്തില്‍ സ്വന്തം മനുഷ്യവിഭവശേഷി കൃഷിയിലും മറ്റ് വ്യവസായങ്ങളിലും ഉപയോഗിക്കാന്‍ കഴിയണം.

അടഞ്ഞുകിടക്കുന്ന തൊഴില്‍ശാലകള്‍ തുറക്കുന്നതിനുള്ള നടപടിയുണ്ടാകണം. അദ്ധ്വാനത്തിന്റെ രീതികള്‍ക്ക് മാറ്റം വന്നിട്ടുണ്ട്. മുതലാളിക്ക് തൊഴിലാളിസംഘടനകള്‍ നല്‍കിയിരുന്ന സങ്കല്പത്തിനും മാറ്റം വന്നു. ഇന്ത്യയിലെ 100 കമ്പനികള്‍ എടുത്താല്‍ അയെല്ലാം നയിക്കുന്നത് CEOമാരാണ്.

30% ഓഹരി കയ്യിലുള്ള ആളും നൂറെണ്ണം ഉള്ളയാലും ഇന്ന് തുല്ല്യരാണ്. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കമ്പോഴാണ് കമ്പനി നന്നായി നടക്കുക. ഇതാണ് പുതിയ കാഴ്ചപാട്. സ്ഥാപനങ്ങല്‍ നേട്ടങ്ങള്‍ കീഴടക്കിയാലെ തൊഴിലാളികള്‍ക്ക് പ്രയോജനമാകൂ. കോവിഡാനന്തര കാലഘട്ടത്തില്‍ കാലം ക്രയവിക്രയം കുറയും സാധനങ്ങള്‍ വാങ്ങുന്നതില്‍ ജനങ്ങള്‍ സൂഷ്മത പുലര്‍ത്തും. ആവശ്യത്തില്‍ നിന്നും അത്യാവശ്യത്തിലേക്ക് മാറും. വര്‍ക്ക് ഫ്രം ഹോം എന്ന് ആശയം പ്രാവര്‍ത്തികമായിരിക്കുന്നു. ഇപ്പോള്‍ ഇത് ട്രെന്‌റായിട്ടുണ്ട്. പഴയതൊഴിലാളികള്‍ മാറും പുതിയവ വരും.

കമ്മ്യൂണിസ്റ്റ് ആശത്തില്‍ നിലനില്‍ക്കുന്ന ചൈനയില്‍പോലും തൊഴിലാളിക്ക് ഡെഫനിഷന്‍ മാറികഴിഞ്ഞു. റോബോട്ടുകളെ ഉപയോഗപ്പെടുത്തുന്നത് അവിടെ സാധാരണമായിരിക്കുന്നു.
സ്വീഡനിലെ റോബോട്ടിക്‌സ് ഉല്‍പ്പാദന ഫാക്ടറിയില്‍ നിന്നുമാത്രം ചൈന ഒരു വര്‍ഷം ഒരു ലക്ഷം യൂണിറ്റുകളാണ് വാങ്ങുന്നത്. ഇതുപോലെ മറ്റു കമ്പനികളില്‍ നിന്നും വാങ്ങുന്നുണ്ടാകാം. ഇന്ത്യയും സ്വീഡനില്‍ നിന്നും റോബോട്ടുകള്‍ വാങ്ങുന്നുണ്ട്. കേവലം ആയിരം മാത്രം. ഇതൊര സൂചനയാണ് വലിയമാറ്റങ്ങള്‍ക്കാകും ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇവിടെയാണ് നമ്മുടെ തൊഴിലാളിസംഘടനകളുടെ ശീലങ്ങള്‍ മാറേണ്ടതാണെന്ന് പറയേണ്ടിവരുന്നത്. തൊഴിലാളിനേതാക്കളുടെ മൈന്റ്സെറ്റുകളാണ് ആദ്യം മാറേണ്ടത്. പ്രതിക്ഷേധങ്ങള്‍ക്ക് മാത്രമായി, നേടിയെടുക്കാന്‍ മാത്രമായി ആഹ്വാനങ്ങള്‍ ഒതുങ്ങാതെ ഉല്‍പ്പാദനപരമായ കാര്യങ്ങല്‍ക്കും അതുണ്ടാകണം.

കൂടിയാലോചനകളും മീറ്റിംഗുകളും ചെലവുകുറഞ്ഞതാകും വീഡിയോ കോണ്‍ഫ്രന്‍സ് വരും. വിദേശത്തുനിന്ന് പതിനായിരക്കണക്കന് തൊഴിലാളികള്‍ തിരികെ വരുമ്പോള്‍ ഇവിടെനിന്നും അതിഥിതൊഴിലാളികള്‍ പോകാന്‍ തയ്യാറെടുക്കുകയാണ്.

ഇവിടെയാണ് ഈ പരിതസ്ഥിയിയിലാണ് കേരളത്തിലെ തൊഴിലാളി സംഘടനകള്‍ അവരുടെ പരിവര്‍ത്തനപ്പെട്ട വീക്ഷണം വ്യക്തമാക്കേണ്ടത്.

Related Articles

Leave a Reply

Back to top button