KeralaLatest

അതിഥിതൊഴിലാളികളുടെ യാത്ര: പോലീസ് ക്രമീകരിക്കും. ഡി.ജി.പി

“Manju”

 

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അതിഥി തൊഴിലാളികൾക്കായി ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തിലാണ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഡിവൈ.എസ്.പി. തലത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘത്തെ അതിഥി തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനായി നിയോഗിച്ചിട്ടുണ്ടെന്ന് ഡി.ജി.പി. അറിയിച്ചു. അതിഥിതൊഴിലാളികൾക്ക് ഒരുമിച്ച് മടങ്ങാനാകില്ലെന്നും എല്ലാവർക്കും ഘട്ടംഘട്ടമായി തിരിച്ചുപോകാൻ കഴിയുമെന്നും ബോധ്യപ്പെടുത്താനായിരിക്കും പ്രധാനമായും ശ്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഇതിനായി അതിഥിതൊഴിലാളികളുടെ ഭാഷ അറിയാവുന്ന കേന്ദ്രസേനകളിലെ ഉദ്യോഗസ്ഥരുടെയും ഹോം ഗാർഡുകളുടെയും സേവനം വിനിയോഗിക്കും.

ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് പ്രത്യേക പോലീസ് സംഘങ്ങളെ 24 മണിക്കൂറും സജ്ജമാക്കി നിർത്താൻ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബഹ്റ അറിയിച്ചു. തീവണ്ടികൾ ഇന്ന് പുറപ്പെടുമെന്ന വാർത്തകളെ തുടർന്ന് ഏതാനും സ്ഥലങ്ങളിൽ അതിഥി തൊഴിലാളികൾ പ്രകടനം നടത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

Related Articles

Leave a Reply

Back to top button