KeralaLatest

അന്യ ജില്ലകളിൽ നിന്നും അതിര്‍ത്തിയിലെത്തുന്നവരെ സ്വീകരിക്കാൻ സജ്ജം… ബോർഡർ ചെക്ക്പോയിന്റ് ഇഞ്ചിവിളയിൽ

“Manju”

ശശീന്ദ്രദേവ് കെ
അന്തർ സംസ്ഥാന യാത്രവിലക്ക് പിൻവലിക്കുമ്പോൾ അയല്‍ സംസ്ഥാനത്തു നിന്നും തിരുവനന്തപുരം ജില്ലയിലെത്തുന്നവരെ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും പാറശാലക്കു സമീപം കേരളാ-തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവിളയിൽ ഏര്‍പ്പെടുത്തി. വിപുലമായ സ്ക്രീനിംഗ് സംവിധനങ്ങൾക്ക് തയ്യാറെടുപ്പുകൾ നടത്താൻ പാറശാല എം.എൽ.എ സി. കെ. ഹരീന്ദ്രന്റെ അധ്യക്ഷതയിൽ ഡി.പി.എം , ഡി.എം.ഒ, തഹസിൽദാർ, പോലീസ് ഓഫീസർമാർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ യോഗം ചേർന്നു.
മറ്റു സ്ഥലങ്ങളിൽ ഒറ്റപെട്ടു കഴിയുന്ന, കേരളത്തിലേക്കു നാഷണൽ ഹൈവേ വഴി എത്തുന്ന ആളുകളെ സ്ക്രീനിംഗ് നടത്തി രോഗലക്ഷണമുള്ളവരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റാനും അല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നത് ഉറപ്പാക്കാനും ആവശ്യമായ രൂപരേഖ യോഗത്തിൽ തയാറാക്കി. റോഡിന് ഇരുവശവും പാര്‍ക്കിംഗ് സൗകര്യം സജ്ജീകരിച്ചു. ഇഞ്ചിവിള ചെക്ക് പോസ്റ്റിനു സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ ഒരേസമയം 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുടിവെള്ളം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വെവ്വേറെ വിശ്രമ മുറികള്‍, ആരോഗ്യ പരിശോധനാ സംവിധാനം, വീല്‍ചെയര്‍ സൗകര്യം, ഭക്ഷണം, 24 മണിക്കൂറും ഡോക്ടർമാർ , സ്റ്റാഫ് നേഴ്സ്, പബ്ലിക് ഹെൽത്ത് സ്റ്റാഫ്, RBSK നേഴ്സ് മുതലായവരുടെ സേവനവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കും. കൂടാതെ “ആരോഗ്യസേതു”, ”കരുതൽ” എന്നി ആപ്ലിക്കേഷനുകളുടെ എൻട്രിയും സാധ്യമാക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയെത്തുന്നവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളില്‍ പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അണുവിമുതമാക്കി തെര്‍മല്‍ സ്‌കാനിംഗ് നടത്തും.
മറ്റു സ്ഥലങ്ങളിൽ ഒറ്റപെട്ടു കഴിയുന്ന മലയാളികളെ സുരക്ഷിതരായി കൊറോണ വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചു കേരളത്തിലേക്കു പ്രവേശിപ്പിക്കുകയും ചികിത്സ വേണ്ടവർക്ക് അത് ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ആരോഗ്യവകുപ്പ് ,എൻ.എച്ച്.എം, റവന്യൂ, പോലീസ്, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ഫയർഫോഴ്സ് മുതലായ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടു കൂടെയാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. കോർഡിനേഷൻ പ്രവർത്തനങ്ങൾക്ക് എൻ.എച്ച്.എം പി.ആർ.ഓ മാരെയും നിയോഗിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button