KeralaLatest

യാത്രാ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: പി.കെ കൃഷ്ണദാസ്

“Manju”

പ്രജീഷ് വള്ള്യായി

സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികളുടെ യാത്രാ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് പി കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ പ്രവാസികളുടെ പണമാണ്.1970കള്‍ മുതല്‍ അഞ്ച് പതിറ്റാണ്ട് കാലം മലയാളികളെ തീറ്റിപോറ്റിയത് കേരളത്തിലെ പ്രവാസി സമൂഹമാണ്. ഒരു വര്‍ഷം ഏതാണ്ട് 1ലക്ഷം കോടി രൂപയാണ് മലയാളികള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. പ്രവാസികളുടെ നിക്ഷേപം സംസ്ഥാനത്ത് ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ സമ്പത്ത വ്യവസ്ഥ എന്നോ തകര്‍ന്ന് പോയേനെ. എന്നാല്‍ ഇത്രയും കാലം കേരളത്തേയും കേരളത്തിലെ ജനങ്ങളേയും സംരക്ഷിച്ച പ്രവാസികള്‍ കൊറോണമൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ അവരെ തിരിച്ച് സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.

ഇവരോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരിന്റെ സമീപനം ക്രൂരവും നന്ദികേടുമാണ്. അതു കൊണ്ട തൊഴില്‍ നഷ്ടപ്പെട്ട് വരുമാനമില്ലാത്ത പ്രവാസികള്‍ക്ക് കേരളത്തിലേക്ക് വരാനുളള യാത്രാ നിരക്ക് നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. കൊറോണയുമായി ബന്ധപ്പെട്ട് എല്ലാറ്റില്‍ നിന്നും ഒളിച്ചോടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ സ്വന്തം സ്ഥലത്തെത്തിക്കാന്‍ പ്രത്യേക തീവണ്ടി അനുവദിക്കുകയും കേന്ദ്ര സര്‍ക്കാര്‍ ചിലവ് വഹിക്കുകയും ചെയ്യുന്നു. എന്നാല്‍ 15 ശതമാനം ചിലവഴിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. 25 രൂപയുടെ ജയില്‍ ചപ്പാത്തി നല്‍കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്തത്.

അന്യ സംസ്ഥാനക്കാരായ മലയാളികള്‍ കേരളത്തിലെത്താന്‍ മുഖ്യമന്ത്രിയോ സംസ്ഥാന സര്‍ക്കാരോ മറ്റ് സംസ്ഥാന സര്‍ക്കാരുകളുമായോ ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകള്‍ക്ക് തയ്യാറായില്ല. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളിലേക്ക് നോഡല്‍ ഓഫീസര്‍മാരേ അയച്ചു കൊണ്ട് ഇവരുടെ വരവ് സുഗമമാക്കുന്നതിന് പകരം അപ്രായോഗികമായ നിബന്ധനകള്‍വെച്ച് അവരുടെ വരവിനെ തടയുകയാണ്. ബന്ധപ്പെട്ട മുഖ്യമന്ത്രിമാരുമായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ബന്ധപ്പെട്ട് നടപടികളെടുക്കണം.

കൊറോണ പ്രതിരോധത്തിന് പ്രതിദിന പത്രസമ്മേളനങ്ങള്‍ക്കപ്പുറം സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നതാണ് സ്ഥിതി. ചുരുക്കത്തില്‍ പ്രവാസികളും അന്യ സംസ്ഥാനത്തുളളവരുമായ മലയാളികള്‍ക്ക് വേണ്ടി ഒരു കാര്യവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ല. എല്ലാ കാര്യത്തിലും കേന്ദ്രത്തേയും ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരിനേയും ആശ്രയിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്

Related Articles

Back to top button