KeralaLatest

വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രഥമ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 14 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഇത്തവണയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഇന്ന് പുറത്തിറക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നവര്‍ക്ക് ഇനിയുളള ദിവസങ്ങളില്‍ അപേക്ഷ നല്‍കാം. പുതുക്കിയ ശേഷം ഓഗസ്റ്റിലും തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പും വോട്ടര്‍പട്ടിക വീണ്ടും പ്രസിദ്ധീകരിക്കും.

2015 ല്‍ 2.51 കോടി വോട്ടര്‍മാരാണ് ആകെയുണ്ടായിരുന്നത്. വോട്ടര്‍മാരുടെ എണ്ണത്തിനു ആനുപാതികമായി പോളിങ് ബൂത്തകള്‍ ക്രമീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പോളിങ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടുന്നതിനെ കുറിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. പോളിങ് ബൂത്തുകളില്‍ തിരക്ക് വര്‍ധിച്ചാല്‍ അത് കോവിഡ് പ്രതിരോധത്തിനു തിരിച്ചടിയാകും.

എന്നാല്‍, തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കോവിഡ് മഹാമാരി നിയന്ത്രണവിധേയമാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതീക്ഷിക്കുന്നത്. ഒക്‌ടോബറിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാന്‍ സാധിക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം ഇത്തവണ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് കാരണം വാര്‍ഡ് വിഭജന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തടസ്സമുള്ളതിനാലാണിത്. നിലവിലുള്ള വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി നിയമ ഭേദഗതി നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

നേരത്തേ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം ഒന്നു വീതം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനായുള്ള വാര്‍ഡ് വിഭജന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ തടസം നേരിട്ടു. നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button