സ്വന്തം ലേഖകൻ
പൊതുസ്ഥലത്തുനിന്ന് കഞ്ചാവുചെടി കണ്ടെത്തി. തുറവൂർ പഞ്ചായത്ത് നാലാം വാർഡിൽ ദേശീയപാതയിൽനിന്ന് 30 മീറ്റർ പടിഞ്ഞാറുമാറി സരൾ ഓഡിറ്റോറിയം റോഡരുകിൽ പൊതുസ്ഥലത്തുനിന്ന് ഏകദേശം 42 സെന്റിമീറ്റർ നീളമുള്ള കഞ്ചാവുചെടിയാണ് കണ്ടെത്തിയത്. സ്വാഭാവികമായി വളർന്ന നിലയിലാണ് ചെടി കാണപ്പെട്ടത്.
കഞ്ചാവുചെടി ഈ സ്ഥലത്ത് വളരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചുവരുന്നു. കുത്തിയത്തോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുജിത്തും സംഘവും നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ബിനേഷ്, പ്രിവന്റീവ് ഓഫിസർ സബിനേഷ് ജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺകുമാർ, വിപിൻ, ശ്രീജിത് എന്നിവരും ഉണ്ടായിരുന്നു.