ArticleHealthLatest

കരുതിയിരിക്കാം ഈ പകര്‍ച്ചവ്യാധികളെ

“Manju”

ഡോ. ബി.രാജ്കുമാര്‍, മെഡിക്കല്‍ സൂപ്രണ്ട്,

ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍

 

ഈ കൊറോണാക്കാലത്തോടൊപ്പം മറ്റു പകര്‍ച്ചവ്യാധികളും രംഗപ്രവേശം ചെയ്തിരിക്കുന്നു. ഇപ്പോള്‍‍ തന്നെ നൂറോളം ഡങ്കി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. പാത്തുപതുങ്ങിയിരിക്കുന്ന ദുഷ്ടശക്തികളൊക്കെ സമയാസമയങ്ങളില്‍ തലപൊക്കും. അതങ്ങനെയാണ്. കഷ്ടകാലം വരുമ്പോള്‍ എല്ലാം ഒരുമിച്ചായിരിക്കും. ചെറിയ ഒരു പാകപ്പിഴ മതി എല്ലാം തകിടം മറിയും. പകര്‍ച്ച വ്യാധികളുടെ കാര്യത്തില്‍ ഒന്നുണ്ട്, നല്ല ആരോഗ്യമുള്ള ഒരാളുടെ ശരീരത്തില്‍ ഈ അണുക്കള്‍ കടന്നുവന്നാല്‍ അത്ര വലിയ കഷ്ടനഷ്ടങ്ങള്‍ വരാറില്ല. മറ്റു മാരക രോഗങ്ങള്‍ ഉള്ളവരില്‍ എന്നാല്‍ പ്രശ്നങ്ങളുണ്ടാക്കും. അത് മരണത്തിന് കാരണമാകാം.

നാം ഒട്ടനവധി കാര്യങ്ങള്‍ ഇനിയും പഠിക്കാനുണ്ട്. ആധുനിക ശാസ്ത്രത്തില്‍ കൊറോണയ്ക്കും ഡങ്കിയ്ക്കും മരുന്നില്ലെങ്കിലും മറ്റു സാങ്കേതികയേയും കൂട്ടി അവരാണ് ഇന്ന് ആരോഗ്യ മേഖല ഭരിക്കുന്നത്. എന്നാല്‍ ഇതിനൊക്കെ മരുന്നുണ്ടെങ്കിലും ഇരുട്ടിലിറങ്ങിയ കോഴിയെപ്പോലെയാണ് ഭാരതീയ വൈദ്യശാസ്ത്രവും ഹോമിയോപ്പതിയും. എങ്ങുമെത്തില്ല. ഡങ്കിപ്പനിയുടെ പ്രതിരോധം ഈഡിസ് കൊതുകിനെ ഇല്ലാതാക്കുക എന്നതു മാത്രമാണ്. കൊതുകുകള്‍ക്ക് മുട്ടയിടാനുള്ള സ്ഥലം കൊടുക്കാതിരിക്കുക. വെള്ളം താങ്ങിനില്‍ക്കുന്ന ഇടങ്ങള്‍ ഒഴിവാക്കുക, ശുചിത്വം പാലിക്കുക അസുഖം വന്നാല്‍ രോഗലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ചെയ്യുക, അവരവരുടെ വ്യക്തി ക്ഷമതയ്ക്കനുസരിച്ച് സൗഖ്യത്തിന് കാത്തിരിക്കുക.

എന്നാല്‍ ആയുര്‍വ്വേദ, സിദ്ധ ചികിത്സാ ശാസ്ത്രങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഇതിന്റെ ചികിത്സയും സൂക്ഷിപ്പുമൊക്കെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ഡങ്കിയെന്നും കൊറോണയെന്നുമല്ല അവര്‍ പറഞ്ഞിരുന്നത് എന്നുമാത്രം. ഇത് തലമുറകളായി അനുവര്‍ത്തിച്ചും വരുന്നു. എന്നാല്‍ ഒന്നും അവകാശപ്പെടാനില്ലാതെ ലോകത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഭാരതീയ ചികിത്സാ ശാസ്ത്രം. ആധുനിക ശാസ്ത്രത്തില്‍ മരുന്നില്ലെങ്കില്‍ പിന്നെ മറ്റൊരു ശാസ്ത്രത്തിലും മരുന്നില്ല എന്ന അവസ്ഥയാണ് ഇന്നുള്ളത്. ആയുര്‍വ്വേദവും സിദ്ധവും ഒരു ശാസ്ത്രമാണെന്നു പോലും അംഗീകരിക്കാത്ത അവസ്ഥ.

ആയുര്‍വ്വേദത്തില്‍ വ്യക്തിയുടെ വ്യാധിക്ഷമത്വം എന്ന രോഗപ്രതിരോധ ശക്തിയെ വര്‍ദ്ധിപ്പിച്ച് ആ ശക്തിയെ കൊണ്ട് നമ്മുടെ ശരീരം തന്നെ രോഗത്തിനെ ഇല്ലായ്മ ചെയ്യുന്ന പ്രക്രിയയാണ് ചികിത്സ. അതിന് നമ്മെ പ്രാപ്തമാക്കുന്നത് നമുക്ക് ചുറ്റുമുള്ള സസ്യലതാതികളും ലോഹധാതുക്കളുമാണ്. ഇവകളുടെ ഔഷധസിദ്ധിയെ വേണ്ടുംവണ്ണം ഉപയോഗിച്ചുകൊണ്ടുള്ള ഫലപ്രാപ്തിയാണ് നമ്മുടെ മുന്നിലുള്ളത്. നിലവേമ്പ് കുടിനീരും സര്‍വ്വജ്വര കുടിനീരും, കഫജ്വരകുടിനീരും, ബാലസര്‍വ്വാംഗവും, ഡങ്കിപ്പനിക്കും മറ്റു പകര്‍ച്ചാപനികള്‍ക്കും ഫലപ്രദമാണെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ആധുനികം പോകുന്ന വഴിക്കുള്ള തെളിവില്ലാത്തതിനാല്‍ ഈ വിശ്വസ്ഥ ഔഷധങ്ങള്‍ ആവനാഴിയിലെ ശരങ്ങളാകുന്നില്ല. കോവിഡ് 19ന് സിങ്ക് എന്ന ലോഹം പ്രതിരോധ ഔഷധമാണെങ്കില്‍ സിദ്ധത്തിലെ സിങ്ക് ചേരുവകയായ നാഗപര്‍പ്പം മരുന്നിനു പോലും ആക്കാന്‍ പറ്റുന്നില്ല.

അതിശീഘ്രം പടര്‍ന്നു പിടിക്കുന്ന കൊറോണയ്ക്കൊപ്പം ഡങ്കിപ്പനി, പട്ടിപ്പനി, കുരങ്ങുപനി, എലിപ്പനി എന്നിവ കൂടി ചേര്‍ന്നാല്‍ നാം കഷ്ടത്തിലാകുമെന്ന് ഉറപ്പ്. മേയ് 16 ഡങ്കിപ്പനി ദിനമായി ആചരിക്കുന്നു. സര്‍ക്കാരിനൊപ്പം നമുക്ക് കൈകോര്‍ക്കാം. കൂടെ നമ്മുടെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് നമ്മോടൊപ്പം ചേര്‍ക്കേണ്ടത്. നിഷ്ടയായ ജീവിതചര്യയും വ്യക്തി, പരിസര ശുചിത്വവും, പ്രകൃതിയേയും അന്തരീക്ഷത്തേയും മലീമസമാക്കാതിരിക്കാനുള്ള മനസ്സും നമുക്ക് വേണം. തുളസിയിട്ട ചുക്കുകാപ്പി നമുക്ക് ശീലിക്കാം. കൂടെ ആടലോടകവുമാകാം. ദാഹം മാറ്റാനും ക്ഷീണം മാറ്റാനും കര്‍ക്കടകപ്പുല്ല്, മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, രാമച്ചം എന്നിവ ചേര്‍ന്ന ഷഡംഗ പാനീയം ശീലിക്കാം. അഷ്ടഗന്ധ ധൂപവും അപരാജിത ചൂര്‍ണ്ണവും പുകയ്ക്കാം. അശോകപ്പൂവോ, ആടലോടകത്തില നീരോ, തെങ്ങിന്‍ പൂക്കുല റവയിലോ, അരിപ്പൊടിയിലോ കരിപ്പട്ടി ചേര്‍ത്ത് കുറുക്കി കഴിക്കാം. എണ്ണതേച്ച് കുളിക്കാം, വ്യായാമം ചെയ്യാം. അസുഖങ്ങളുണ്ടെങ്കില്‍ ഒന്നാത്തരം ഔഷധങ്ങള്‍ സേവിക്കാം.

പാരമ്പര്യത്തിന്റെ നമ്മകളേയും നേട്ടങ്ങളേയും ജീവിത ശൈലിയാക്കി മാറ്റാം. ഒരു പുതുയുഗത്തിലോക്ക് നമുക്ക് യാത്ര തുടങ്ങാം

 

Related Articles

Back to top button