LatestThiruvananthapuram

അഞ്ചാം ക്ളാസുകാരെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ഉപദ്രവിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി

“Manju”

തിരുവനന്തപുരം: മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനികളെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ഉപദ്രവിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആക്രമണം നടത്തിയ വിദ്യാര്‍ത്ഥിനികളെ തിരിച്ചറിയാന്‍ ഇതുവരെ സാധിക്കാത്തതിനാല്‍ പൊലീസ് നാളെ സ്കൂളില്‍ തിരിച്ചറിയല്‍ പരേഡ് നടത്തും. പരിക്കേറ്റ വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് സമൂഹമാദ്ധ്യമത്തില്‍ ഇത് സംബന്ധിച്ച്‌ കുറിപ്പും പങ്കുവച്ചിരുന്നു.
സ്കൂളിലെ മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ളാസിലെയും ആറാം ക്ളാസിലെയും വിദ്യാര്‍ത്ഥിനികളെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിനികള്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് പരാതി. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ കൈഞരമ്ബ് മുറിച്ച്‌ കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മാസ്‌ക് ഇട്ടിരിക്കുകയും യൂണിഫോം ധരിക്കാതിരിക്കുകയും ചെയ്തതിനാലാണ് ഇവരെ തിരിച്ചറിയാന്‍ സാധിക്കാത്തത്. സംഭവത്തെത്തുടര്‍ന്ന് കുട്ടികള്‍ക്കുണ്ടായ മാനസികാഘാതം ലഘൂകരിക്കാന്‍ നാളെ കൗണ്‍സിലിംഗും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
പുതിയ ബ്ളോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന ചെറിയ ക്ളാസിലെ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

Related Articles

Back to top button