IndiaLatest

കോവിഡ്: ചെലവു കുറ‍ഞ്ഞ പരിശോധനാ കിറ്റ് ഉടൻ

“Manju”

ന്യൂഡൽഹി • ചെലവു കുറഞ്ഞ കോവിഡ് പരിശോധനയ്ക്കുള്ള ‘ഫെലൂദ ടെസ്റ്റ് കിറ്റ്’ വരുന്ന ആഴ്ചകളിൽ തന്നെ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. വാക്സീനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളിലാണെന്നും ക്ലിനിക്കൽ ട്രയലിന്റെ ഫലം ആശ്രയിച്ചാവും അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരമെന്നും സമൂഹമാധ്യമങ്ങൾ വഴിയുള്ള സംവാദത്തിൽ മന്ത്രി പറഞ്ഞു.

ഏതെങ്കിലും ഒരു വാക്സീനെ മാത്രം ആശ്രയിക്കുന്നില്ല. കൂടുതൽ പേരിൽ എത്തിക്കാനുള്ള വഴിയാണു തേടുന്നത്. ചില പ്രത്യേക പ്രായക്കാരിൽ ഫലപ്രദമാകുമെന്നു തെളിയുന്ന വാക്സീനുകളുണ്ടെങ്കിൽ അവയും പരിഗണിക്കുമെന്നു പറഞ്ഞ മന്ത്രി, അടിയന്തര സാഹചര്യത്തിൽ പരീക്ഷണം പൂർത്തിയാകും മുൻപു തന്നെ വാക്സീൻ നൽകുന്നത് ആലോചിക്കുന്നുണ്ടെന്ന മുൻ നിലപാട് മയപ്പെടുത്തി. ലഭ്യമാകുന്ന പരീക്ഷണ വിവരങ്ങൾ വിലയിരുത്തി മാത്രമേ അന്തിമ തീരുമാനമെടുക്കു എന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ആഘാതം കുറയ്ക്കാൻ യുവജനങ്ങൾക്കും തൊഴിലെടുക്കുന്നവർക്കുമാണു വാക്സീൻ ആദ്യം നൽകുകയെന്ന പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ മന്ത്രി ആരോഗ്യ പ്രവർത്തകരടക്കം വൈറസ് പിടിപെടാനുള്ള അധിക സാധ്യത, ഗുരുതര രോഗാവസ്ഥ, കോവിഡ് രൂക്ഷമാകാനുള്ള സാധ്യത, മരണനിരക്ക് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും വാക്സീൻ വിതരണമെന്നു വ്യക്തമാക്കി.

ഡോസേജിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. കോവാക്സീനും ഓക്സ്ഫഡ് വാക്സീനും 2 ഡോസ് വീതമാണെങ്കിൽ, സൈകോവ് ഡി2 വാക്സീൻ 3 ഡോസാണു പരീക്ഷിക്കുന്നത്. ഒരിക്കൽ വന്നവർക്ക‌ു വീണ്ടും കോവിഡ് ബാധിക്കുന്നതിനെപ്പറ്റി വിശദമായ പഠനം നടത്താൻ ഐസിഎംആറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഹർഷ് വർധൻ പറഞ്ഞു.

Related Articles

Back to top button