KasaragodKeralaLatest

ഇരുപത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണം കോളിങ് ബെല്‍ മുഴക്കി തിരിച്ചെത്തി

“Manju”

കാസര്‍കോട്: നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിലിെന്റ വീട്ടില്‍ നോമ്പു തുറക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ കഴിഞ്ഞദിവസമെത്തിയ അജ്ഞാത യുവാവ് കൈമാറിയ പൊതി വീട്ടുകാര്‍ക്ക് സമ്മാനിച്ചത് അമ്പരപ്പും കൗതുകവും ആഹ്ലാദവുമെല്ലാമായിരുന്നു. രണ്ടു പതിറ്റാണ്ടുമുമ്പ് നിവൃത്തികേടുകൊണ്ട് നല്‍കാനാകാതെപോയ ഒരു ‘കടം’ വീട്ടുകയായിരുന്നു ക്ഷണിക്കാതെയെത്തിയ അതിഥി.

കോളിങ് ബെല്‍ ശബ്ദംകേട്ട് വാതില്‍ തുറന്ന ഇബ്രാഹിമിന്റെ ഭാര്യയുടെ കൈയിലേക്ക് നോമ്പു തുറക്കാനുള്ള നെയ്‌ച്ചോറും കറിയുമാണെന്നുപറഞ്ഞാണ് യുവാവ് പൊതി കൈമാറിയത്. ആരാണെന്നും പേരെന്താണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ‘ഇവിടെ തരാന്‍ ഇതൊരാള്‍ തന്നയച്ചതാണ്. അയാള്‍ അപ്പുറത്തുണ്ട്’ എന്ന് മറുപടി പറഞ്ഞ് ഹെല്‍മറ്റ് ധാരിയായ യുവാവ് സ്ഥലംവിട്ടു.

പൊതി തുറന്ന വീട്ടുകാര്‍ കണ്ടത് നെയ്‌ച്ചോറിനും കറിക്കുമൊപ്പം രണ്ട് സ്വര്‍ണ നാണയങ്ങളും ഒപ്പം ഒരു കുറിപ്പും. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ’20 കൊല്ലം മുമ്പ് നഷ്ടപ്പെട്ട നിന്റ പൊന്ന് എനിക്ക് കിട്ടിയിരുന്നു. ആ സമയം അതുതരാന്‍ എനിക്ക് സാധിച്ചില്ല. അതിന് പകരമായി ഈ പവന്‍ സ്വീകരിച്ച് എനിക്ക് പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു’.

20 വര്‍ഷം മുമ്പ് ഒരു വിവാഹ വീട്ടില്‍ നിന്നാണ് ഇബ്രാഹിമിന്റ ഭാര്യയുടെ മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. തിരച്ചിലില്‍ ഒന്നര പവന്‍ തിരിച്ചുകിട്ടി. നഷ്ടത്തെക്കുറിച്ച് വീട്ടുകാര്‍ പോലും മറന്നപ്പോഴാണ് കാലങ്ങള്‍ക്കിപ്പുറം കുറ്റസമ്മതത്തോടെ അത് തിരിച്ചെത്തിയത്. ഗള്‍ഫിലുള്ള ഇബ്രാഹിമിനെ വിളിച്ച് വീട്ടുകാര്‍ സന്തോഷവിവരമറിയിച്ചു. സ്വര്‍ണം തിരിച്ചെത്തിച്ച ആ അജ്ഞാതനെ ഒന്നു കാണണമെന്ന ആഗ്രഹമാണ് വീട്ടുകാര്‍ക്ക് ഇപ്പോള്‍.

Related Articles

Back to top button