KeralaLatestThiruvananthapuram

മെഡിക്കൽ കോളേജിൽ തിരക്കൊഴിവാക്കി ചികിത്സ ലഭ്യമാക്കാൻ കൂടുതൽ നടപടികൾ

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നവർ വർധിക്കുന്നതോടെ കോവിഡ് 19- ന്റെ ഭാഗമായി ആശുപത്രിയുടെ നിശ്ചിത പ്രതിരോധ സംവിധാനങ്ങളെ ബാധിക്കാതിരിക്കാൻ സമാന്തര നടപടികളും തയ്യാറായി. രണ്ടു മാസക്കാലമായി നാമമാത്രമായ രോഗികൾ മാത്രമാണ് ആശുപത്രിയിലെത്തിയിരുന്നത്.

ഈ കാലയളവിൽ രോഗികൾ കൂടുതലായി ആശുപത്രിയിലെത്തുന്നതു തടയാൻ ടെലി കൺസൾട്ടേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ അധികൃതർ നടപ്പാക്കിയത് അത്യാവശ്യ ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്ക് ഏറെ പ്രയോജനപ്രദമാകുകയും ചെയ്തു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലും ഒ പി യിലുമെല്ലാം ഓരോ രോഗിയുടെയും വിവരങ്ങൾ ശേഖരിച്ച ശേഷം ഒ പി ടിക്കറ്റ് നൽകാൻ സംവിധാനമേർപ്പെടുത്തിയതും സാമൂഹിക അകലം പാലിക്കാൻ നടപടി സ്വീകരിച്ചതും ഫലപ്രദമായ പ്രതിരോധ മാർഗമായി മാറി.

അതേ സമയം ലോക്ക് ഡൗണിൽ ഇളവു വരുമ്പോഴുള്ള സാഹചര്യവും മുൻകൂട്ടി വിലയിരുത്തി സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും അധികൃതർ നടപടിയെടുത്തിരുന്നു. ജനത്തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ള മറ്റൊരിടമാണ് ബ്ലഡ് ബാങ്ക് സമുച്ചയം.

ബ്ലഡ് ബാങ്ക്, വിവിധ ലാബുകൾ, എം ആർ ഐ സ്കാൻ എന്നിവ ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വലിയ തിരക്കാണ് ദിവസം മുഴുവനും അനുഭവപ്പെടുന്നത്. സ്കാൻ റിപ്പോർട്ടുകൾ, മൈക്രോബയോളജി റിപ്പോർട്ടുകൾ, ക്ലിപ്പ് ലാബ് റിപ്പോർട്ടുകൾ എന്നിവ വാങ്ങാൻ സാധാരണ നിലയിൽ തിരക്കേറുന്നത് പതിവു കാഴ്ചയാണ്.

സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായും തിരക്കൊഴിവാക്കി റിപ്പോർട്ടുകൾ ലഭ്യമാക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ പ്രത്യേകം സംവിധാനമൊരുക്കി. പ്രത്യേകം പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചാണ് തിരക്കില്ലാതെ റിപ്പോർട്ടുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചത്.

Related Articles

Back to top button