ArticleLatest

മുരളി- അഭിനയത്തികവിന്റെ സൗകുമാര്യം

“Manju”

ഭരത് മുരളി -പകരം വയ്ക്കാനാവാത്ത നടന വൈഭവം.നായകൻ ആയും പ്രതിനായകൻ ആയും സ്വഭാവനടൻ ആയും അദ്ദേഹം അനശ്വരമാക്കിയ വേഷങ്ങൾ ഏറെയുണ്ട്.
ഇ.എ.എസിന്റെ മരണം അപ്പുമേസ്തിരിയുലുണര്‍ത്തിയ തരംഗങ്ങളെ തന്മയത്വം ചോരാതെ പ്രതിഫലിപ്പിച്ച നെയ്ത്തുകാരനിലെ പ്രകടനത്തിലൂടെ ദേശീയ അവാര്‍ഡും മുരളിയെത്തേടിയെത്തി.

മുരളിയുടെ 66-ാം പിറന്നാളാണ് ഇന്ന്

നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ മികവ് തെളിയിച്ച വേഷങ്ങള്‍ അടൂരിന്‍റെ മതിലുകള്‍, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, ശ്രീകുമാറിന്റെ അസ്ഥികള്‍ പൂക്കുന്നു, ഭരതന്റെ വെങ്കലം, ചമയം, പി.റ്റി. കുഞ്ഞുമുഹമ്മദിന്‍റെ മഗ്‌രിബ്‌, ഗര്‍ഷോം, സിബി മലയിലിന്റെ ആകാശദൂത്‌ തുടങ്ങിയവയിലേതായിരുന്നു.

ജീവിതത്തിന്റെ അവസാന പത്തുവര്‍ഷം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി, 2009 ഓഗസ്റ്റ് 6 ന് തിരുവനന്തപുരത്ത് അന്തരിച്ചു . മരിക്കുമ്പോൾ സംഗീത നാടക അക്കാദമി ചെയര്‍മാൻ ആയിരുന്നു
കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാര്‍ഷികകുടുംബത്തില്‍ വെളിയം കുടവട്ടൂര്‍ പൊയ്കയില്‍ വീട്ടില്‍ കെ. ദേവകിയമ്മയുടെയും പി.കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25 നായിരുന്നു മുരളിയുടെ ജനനം.

കൊട്ടാരക്കര കുടവട്ടൂര്‍ എല്‍.പി. സ്‌കൂള്‍, തൃക്കണ്ണമംഗലംഎസ്.കെ.വി.എച്ച്.എസ്, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ യു.ഡി. ക്ലര്‍ക്കായും നിയമനം ലഭിച്ചു.

അതിനു ശേഷം മുരളി നാടക വേദിയില്‍ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു. തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്.

ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി, 1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. പക്ഷെ ഹരിഹരന്റെ പഞ്ചാഗ്‌നിയാണ് ആദ്യം റിലീസായ ചിത്രം.

വെങ്കലത്തിലെ ഗോപാലന്‍ മൂശാരി, ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍, ആധാരത്തിലെ ബാപ്പൂട്ടി മുരളി അനശ്വരമാക്കിയ വേഷങ്ങള്‍ പലതായിരുന്നു.

നെയ്ത്തുകാരനിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും മുരളിയെ തേടിയെത്തി. നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്കാരവും മുരളിക്ക് ലഭിച്ചിട്ടുണ്ട്.

2013 ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത മഞ്ചാടിക്കുരു ആണ് അവസാന ചിത്രം.

അമരത്തിലെ കൊച്ചുരാമനെ അനശ്വരനാക്കിയ മുരളി മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി. മുരളിയിലെ അഭിനേതാവിന്റെ കരുത്തറിഞ്ഞ കഥാപാത്രമാണ്‌ ആധാരത്തിലെ ബാപ്പൂട്ടി. ലോഹിതദാസിന്റെ സുവര്‍ണ്ണതൂലികയില്‍ ജനിച്ച ബാപ്പൂട്ടിയെ നൂറു ശതമാനം ജീവസ്സുറ്റതാക്കിയതിന്‌ മുരളിയെ തേടിയെത്തിയത്‌ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന അവാര്‍ഡാണ്‌ .

ഇതിനിടെ കമ്പോള, മുഖ്യധാര സിനിമയിലും മുരളി ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായി. ജോഷിയുടെ നാടുവാഴികള്‍, കെ. മധുവിന്റെ അധിപന്‍ മുതല്‍ ഷാജി കൈലാസിന്റെ ദ കിങ്ങും, ദ ട്രൂത്തും വരെ എത്രയോ പ്രതിനായക വേഷങ്ങളില്‍ മുരളി തിളങ്ങി;

പ്രായിക്കര പാപ്പാന്‍, വളയം, ചമ്പക്കുളം തച്ചന്‍, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, പത്രം തുടങ്ങിയ സിനിമകളില്‍ മുഖ്യധാരാ നായകവേഷങ്ങളിലും സ്വഭാവവേഷങ്ങളിലും മുരളിയിലെ നടന്‍ ശോഭിച്ചു.

പിതൃത്വത്തിന്റെ സംഘര്‍ഷങ്ങളും നൊമ്പരങ്ങളും രൂപത്തിലും ഭാവത്തിലും ആവഹിച്ച മുരളി ജയരാജിന്റെ താലോലത്തെ അവിസ്മരണീയമാക്കി. കാണാക്കിനാവിലൂടെ മുരളി ഒരിക്കല്‍ കൂടി സംസ്ഥാന അവാര്‍ഡു ഏറ്റുവാങ്ങി.

താലോലത്തിലെ വേഷം 1998ലെ ഫിലിം ക്രിട്ടിക്സ്‌ അവാര്‍ഡും നേടിക്കൊടുത്തു.

ഭരതന്റെ അമരം (1990) എന്ന ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച സഹനടനുള്ള അവാര്‍ഡ്‌ നേടിയ മുരളി നാല് പ്രാവശ്യം സംസ്ഥാന അവാര്‍ഡിന് അര്‍ഹനായി. ആധാരം (1992), കാണാക്കിനാവ്‌ (1996), താലോലം (1998), നെയ്ത്തുകാരന്‍ (2001)‌ ഇവയായിരുന്നു ചിത്രങ്ങള്‍. ആധാരവും കാണാക്കിനവും മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്തു.

രണ്ട്‌ സഹോദരന്മാരും രണ്ട്‌ സഹോദരിമാരുമുണ്ട്‌: ഭാര്യ: ഷൈലജ. മകള്‍: കാര്‍ത്തിക.

Related Articles

Back to top button