KeralaLatest

വീണ്ടുമെത്തിയ കോവിഡ് അഴിയൂരിന് സമ്മാനിച്ചത് ദുരിതം

“Manju”

സുരേഷ്‌കുമാർ

വടകര : രണ്ടാംഘട്ട കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വീണ്ടുമെത്തിയെ രോഗം അഴിയൂരിനു സമ്മാനിച്ചത് ദുരിതം. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രിയിലെ സ്റ്റാഫായ മുക്കാളി ആവിക്കരയിലെ 48 കാരിക്ക് കോവിഡ് സ്ഥീരീകരിച്ചതിനാൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും പോലീസും വളണ്ടിയര്‍മാരും കര്‍മനിരതരായി.
ആദ്യഘട്ടത്തില്‍ ചിട്ടയായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് അഴിയൂര്‍ രോഗമുക്തി എന്ന ആശ്വാസം നേടിയിരിക്കെയാണ് ആശുപത്രിയിലെ ജീവനക്കാരിയുടെ അലംഭാവം വിനയായത്. രോഗം സ്ഥിരീകരിച്ചതോടെ അടിയന്തിര ആര്‍ആര്‍ടി യോഗം പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്നു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി എട്ടു പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. മുക്കാളി ടൗണിലെ രണ്ടു കടകള്‍ അടപ്പിച്ചു. സമ്പര്‍ക്ക പട്ടികയില്‍ വരാന്‍ സാധ്യതയുള്ള ഒരു സ്ത്രീയെ കണ്ടെത്താനായിട്ടില്ല. നിലവില്‍ ക്വാറന്റൈയിനിലുള്ള രണ്ടു പേരുടെ സ്രവം നാളെ പരിശോധനയ്ക്ക് അയക്കുന്നതാണ്. പഞ്ചായത്തിലെ 13ാം വാര്‍ഡ് കറപ്പകുന്ന് ജില്ലാകലക്ടര്‍ സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. കടകള്‍ 11 മണിവരെയും റേഷന്‍ കട 2 മണി വരെയും മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അഴിയൂരിനെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിനാല്‍ പഞ്ചായത്തിലെ എല്ലാ കടകളുടേയും പ്രവര്‍ത്തന സമയം കറപ്പക്കുന്ന് വാര്‍ഡ് ഒഴികെ രണ്ട് മണി വരെ ആയി കുറച്ചു. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ യാതൊരു കാരണവശാലും ഒത്ത് കൂടാന്‍ പാടില്ല. പുതുതായി പഞ്ചായത്തില്‍ വരുന്നവരെ ആര്‍ആര്‍ടി കര്‍ശനമായി നിരീക്ഷിക്കും. മോന്താല്‍പാലം കടന്ന് ധാരാളം കുട്ടികള്‍ കണ്ണൂര്‍ ജില്ലയിലേക്ക് പരീക്ഷ എഴുതാന്‍ പോകേണ്ടതിനാല്‍ താല്‍ക്കാലികമായി മോന്താല്‍ പാലം തുറന്ന് കൊടുക്കുന്നതിന് കലക്ടറോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. കണ്ടയിന്‍മെന്റ് സോണിലെ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വാഹനം സൗകര്യം ഉണ്ട് എന്ന് ഉറപ്പ് വരുത്തും. നീരീക്ഷണത്തില്‍ ഉള്ള ഒരു വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ പഞ്ചായത്ത് സൗകര്യം ചെയ്ത് കൊടുക്കുന്നതാണ്.
കറപ്പകുന്ന് വാര്‍ഡിലെ ജനങ്ങളെ സഹായിക്കുന്നതിന് മൂന്ന് സര്‍ക്കാര്‍ ഉദ്യോഗരെ ചുമതലപ്പെടുത്തി. യാത്രകള്‍ നിയന്ത്രിക്കുന്നതാണ്. ഇതിന് മൂന്നു പേരുടെ സ്‌ക്വാഡ് രൂപീകരിച്ചു. വാര്‍ഡ് ആര്‍ആര്‍ടിമാരുടേയും സഹായം ഉണ്ടാകുന്നതാണ്. ഹോട്ട് സ്‌പോട്ട് ആയതിനാല്‍ ജനങ്ങള്‍ അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ പുറത്ത് ഇറങ്ങുവാന്‍ പാടുള്ളതല്ലെന്ന് യോഗം ഓര്‍മിപ്പിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നത് കലക്ടര്‍ നിരോധിച്ചിരിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഴിയൂര്‍ പഞ്ചായത്തിലേക്ക് വരാന്‍ അപേക്ഷിച്ച 421 പേരില്‍ 139 പേര്‍ പഞ്ചായത്തില്‍ എത്തി. അതില്‍ നാലു പേര്‍ കൊറോണ കെയര്‍ സെന്ററിലും മറ്റുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പ്രവാസികളായ 13 പേര്‍ നാട്ടിലെത്തിയതില്‍ എട്ടു പേര്‍ വീടുകളിലും അഞ്ചു പേര്‍ കോവിഡ് കെയര്‍ സെന്ററിലുമാണ്. കുവൈറ്റില്‍ നിന്ന് വന്ന അഴിയൂരുകാരനായ പ്രവാസിക്ക് 2 ദിവസം മുമ്പ് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കം ഇല്ലാത്ത രീതിയില്‍ ജനങ്ങള്‍ ജീവിത ക്രമം മാറ്റി സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രകാരം ജാഗ്രതയോടെ ജീവീക്കണമെന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന ഉന്നതതലയോഗം ജനങ്ങളോട് അഭ്യര്‍ഥിച്ചു. പ്രസിഡണ്ട് വി.പി.ജയന്‍ അധ്യക്ഷത വഹിച്ചു. സിഐ ടി.പി.സുമേഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, എസ്‌ഐ നിഖില്‍, എച്ച്‌ഐ വി.കെ.ഉഷ എന്നിവര്‍ സംസാരിച്ചു. 13ാം വാര്‍ഡിലെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന് ആര്‍ആര്‍ടിമാര്‍ക്ക് പഞ്ചായത്ത് സഹായം ചെയ്യുന്നതാണ്. കുഞ്ഞിപ്പള്ളിക്ക് സമീപം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വണ്ടികളുടെ പാര്‍ക്കിംഗ് ഒഴിവാക്കാന്‍ ആര്‍ ടി ഒ യോട് അപേക്ഷിച്ചു.

Related Articles

Back to top button