ErnakulamKeralaLatest

കല്ലില്‍ ഗുഹാക്ഷേത്രം

“Manju”

അജിത് ജി.പിള്ള,

എറണാകുളം ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കല്ലില്‍ ക്ഷേത്രം പുരാവസ്തു ഗവേഷണ വകുപ്പിന്‍റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്.

ഭക്തിസാന്ദ്രമായ അന്തരീക്ഷം ഒപ്പം ശാന്തസുന്ദരമായ പ്രകൃതി.

അതോടൊപ്പം അത്ഭുത പരിവേഷം, കൂടാതെ ചരിത്രസത്യങ്ങള്‍ വിളിച്ചോതുന്ന പാറക്കല്ലുകള്‍ ഇവയെല്ലാം ചേര്‍ന്ന് കല്ലില്‍ ഗുഹാക്ഷേത്രം എന്ന അത്ഭുത ചൈതന്യകേന്ദ്രം ആയിരങ്ങളെ അവിടേക്ക് ആകര്‍ഷിച്ചു
കൊണ്ടിരിയ്ക്കുന്നു.
” കല്ലില്‍ ” എന്ന പേരിനെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ ഇവിടം സര്‍വത്ര കല്ലുമയം.

പ്രകൃതിയുടെ വശ്യസൌന്ദര്യം കൊണ്ട് അനുഗൃഹീതമാണ് ക്ഷേത്രം കുടി കൊള്ളുന്ന കല്ലില്‍ മലയും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും.

പെരുമ്പാവൂർ
എം.സി. റോഡില്‍ പുല്ലുവഴി, കീഴില്ലം എന്നീ സ്ഥലങ്ങളില്‍ നിന്നും ആലുവ – മൂന്നാര്‍ റോഡില്‍ കുറുപ്പംപടി, ഓടയ്ക്കാലി എന്നീ സ്ഥലങ്ങളില്‍ നിന്നും എളുപ്പം ക്ഷേത്രത്തില്‍ എത്തിച്ചേരാം.

ക്ഷേത്രത്തിനു ചുറ്റും 28 ഏക്കറോളം പരന്നു കിടക്കുന്ന പ്രദേശം മുന്‍പ് വിജനമായ വനപ്രദേശമായിരുന്നു.

പ്രതാപികളായിരുന്ന കല്ലില്‍ പിഷാരം വകയായിരുന്നു ഈ ക്ഷേത്രം. ഭക്തജനങ്ങളെയും ചരിത്രാന്വേഷകരെയും ഒന്നുപോലെ ആകര്‍ഷിക്കാന്‍ പോന്നതാണ് ഈ പ്രദേശത്തിന്‍റെ വശ്യ ചൈതന്യം.

മറ്റു പല ക്ഷേത്രങ്ങളെയും പോലെ പ്രാരംഭദശയില്‍ ഇതും ജൈനക്ഷേത്രങ്ങളില്‍ ഒന്നായിരുന്നു. ജൈനമതത്തിലെ തീര്‍ത്ഥങ്കരനായിരുന്ന വര്‍ദ്ധമാന
മഹാവീരന്‍റെയും പാര്‍ശ്വനാഥന്‍റെയും പത്മാവതിദേവിയുടെയും പ്രതിഷ്ഠകള്‍, ഇത് ജൈനക്ഷേത്രമായിരുന്നു എന്ന ചരിത്രവസ്തുതയ്ക്ക് പിന്‍ബലം നല്കുന്നു.

ഒരു പക്ഷേ ജൈന സന്യാസിമാര്‍ തപസ് അനുഷ്ഠിച്ചിരുന്ന പ്രദേശമായിരുന്നിരിയ്ക്കണം പിന്നീട് ക്ഷേത്രമായി പരിണമിച്ചത്.
ഒമ്പതാം നൂറ്റാണ്ടില്‍ ഇത് ഹിന്ദുക്ഷേത്രമായി മാറിയെന്നു കരുതപ്പെടുന്നു.
ഇന്നും ജൈനമതസ്ഥര്‍ ഇവിടെ ആരാധനയ്ക്കെത്തുക പതിവാണ്.

ശ്രീകോവിലിന്‍റെ മേല്‍ക്കൂരയായി നിലം തൊടാതെ നില്‍ക്കുന്ന ഭീമാകാരമായ പാറയുടെ പ്രകൃതിദത്തമായ അത്ഭുദ ദൃശ്യമാണ് ദേവിയ്ക്ക് ദിവ്യ പരിവേഷമായി നിലകൊള്ളുന്നത്.

ക്ഷേത്രത്തിന്‍റെ ശ്രദ്ധാകേന്ദ്രമായ ഭീമന്‍ പാറ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിനെക്കുറിച്ചു പല ഐതിഹ്യങ്ങളുമുണ്ട്. ഒരു കാലത്ത് നിബിഡ വനമായിരുന്ന ഈ പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിയ്ക്കാന്‍ എത്തിയവര്‍ കാനനമധ്യത്തില്‍ ദേവീ ചൈതന്യം തുടിയ്ക്കുന്ന സുന്ദരിയായൊരു സ്ത്രീ കല്ലുകൊണ്ട് അമ്മാനമാടി കളിയ്ക്കുന്നത് കണ്ടുവത്രേ.!! വനമധ്യത്തില്‍ കണ്ട സുന്ദരി ആരെന്നറിയാന്‍ ആകാംക്ഷയോടെ അവര്‍ അടുത്തു ചെന്നപ്പോഴേയ്ക്കും ആ സുന്ദരി അമ്മാനമാടിക്കൊണ്ടിരുന്ന കല്ലുകള്‍ മറയാക്കി ഗുഹയില്‍ ഒളിച്ചു.

ആ സുന്ദരരൂപിണി കല്ലില്‍ ഭഗവതിയായിരുന്നു. അമ്മാനമാടിയപ്പോള്‍ മുകളിലേയ്ക്കു പോയ കല്ല് മേല്‍ക്കൂരയായും താഴേക്കു പതിച്ച കല്ല് ഇരിപ്പിടമായും മാറിയെന്നും ഐതിഹ്യം.

Related Articles

Back to top button