KeralaLatest

കണ്ണൂരില്‍ കൊവിഡ് രോഗികള്‍ നൂറ് പിന്നിട്ടു; ജില്ലയില്‍ കടുത്ത ആശങ്ക

“Manju”

സിന്ധുമോള്‍ ആര്‍

 

കണ്ണൂര്‍: ആറ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അടക്കം കൊവിഡ് 19 വൈറസ് വ്യാപിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം നൂറ് പിന്നിട്ടു. കേരളത്തില്‍ 138 കൊവിഡ് രോഗികളുള്ള പാലക്കാടിന് പിന്നാലെയാണ് 114 രോഗികളുമായി കണ്ണൂര്‍. തൊട്ടടുത്തുള്ള കാസര്‍കോടും 76 രോഗികളുള്ളതിനാല്‍ ആശങ്ക ശക്തമാണ്. കണ്ണൂരില്‍ ചികിത്സയിലുള്ളതില്‍ മൂന്നു പേര്‍ വീതം കോഴിക്കോട്, കാസര്‍കോട് സ്വദേശികളാണ്. അതേസമയം കോഴിക്കോട് ചികിത്സയിലുള്ളവര്‍ 38 പേര്‍ മാത്രമാണെങ്കിലും രണ്ട് കണ്ണൂര്‍ സ്വദേശികളും മൂന്ന് കാസര്‍കോട് സ്വദേശികളുമുണ്ട്.
കണ്ണൂരില്‍ ഇന്നലെ മാത്രം ഏഴു പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നാലു പേര്‍ വിദേശത്ത് നിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി രോഗ ബാധിതരായവരുടെ എണ്ണം കുറയുന്നത് അല്‍പ്പം ആശ്വാസം പകരുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം വഴി ഒമാനില്‍ നിന്നുള്ള ഐ.എക്സ് 714 വിമാനത്തില്‍ 20ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശിനിയായ പത്തൊന്‍പതുകാരി, 22ന് ഇതേ നമ്ബര്‍ വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശിയായ 38കാരന്‍, 27ന് ദുബൈയില്‍ നിന്നുള്ള ഐ.എക്സ് 1746 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശിയായ 18കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി 23ന് ദുബൈയില്‍ നിന്നുള്ള ഐ.എക്സ് 344 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശിയായ 44കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

രാജധാനി എക്സ്പ്രസ് വഴി 22ന് ഡല്‍ഹിയില്‍ നിന്നെത്തിയ മുഴക്കുന്ന് സ്വദേശിയായ 25കാരന്‍ (ഇപ്പോള്‍ കോട്ടയം മലബാറില്‍ താമസം), 28ന് മുംബൈയില്‍ നിന്നെത്തിയ ആലക്കോട് സ്വദേശി 58കാരന്‍, 17ന് അഹമ്മദാബാദില്‍ നിന്ന് വാഹനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 23കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 229 ആയി. ഇതില്‍ 126 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7118 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6423 എണ്ണത്തിന്റെ ഫലം ലഭ്യമായി. 6011 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 695 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related Articles

Back to top button