KeralaLatest

ആൻമരിയയെ രക്ഷിക്കാൻ നാട് ഒരുമിച്ചു

“Manju”

തൊടുപുഴ; കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുള്ള ആന്‍മരിയ ജോയ് എന്ന കുട്ടിയെ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി എറണാകുളം അമൃത ആശുപത്രിയിൽ എത്തിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകാൻ ‘ട്രാഫിക്’ സിനിമയെ അനുസ്മരിപ്പിക്കുന്ന നടപടികളാണുണ്ടായത്.

മന്ത്രിയുടെ നേതൃത്വത്തിൽ നിമിഷങ്ങൾക്കുള്ളിൽ ക്രമീകരണങ്ങളൊരുക്കി ഇരുപതോളം സംഘടനകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, കേരളാ പൊലീസ് ആംബുലൻസ് ഡ്രൈവേഴ്സ് സംഘടന, മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങിയവർ ആൻമരിയയുടെ ജീവൻ രക്ഷിക്കാൻ ഒരുമിച്ചു. 132 കി.മീ. ദൂരം രണ്ടു മണിക്കൂർ 40 മിനിറ്റിൽ കട്ടപ്പനയിൽനിന്ന് എറണാകുളം അമൃതയിൽ എത്തിച്ചു. ട്രാഫിക് നിയന്ത്രിച്ച് ആംബുലന്‍സിന് വഴിയൊരുക്കി പൊലീസും ഒപ്പംനിന്നു.

കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട ആംബുലന്‍സ് ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴിയാണ് അമൃത ആശുപത്രിയില്‍ എത്തിയത്. കെഎൽ 06 എച്ച് 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണു കുട്ടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. ആംബുലന്‍സ് പോകുന്ന റൂട്ടിലെ യാത്രക്കാര്‍ ഇതൊരു അറിയിപ്പായി കണ്ട് ആംബുലന്‍സിന് വഴിയൊരുക്കണമെന്ന് മന്ത്രിയുടെ ഓഫിസ് അഭ്യര്‍ഥിച്ചിരുന്നു. ആംബുലൻസ് ആശുപത്രിയിൽ എത്തിയതിനു പിന്നാലെ മന്ത്രിയും എത്തി. നാട്ടുകാർക്കും സഹകരിച്ച യാത്രക്കാർക്കും നന്ദിയെന്ന് മന്ത്രി അറിയിച്ചു.

പണിക്കന്‍കുടിയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിനിടെയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെട്ട അ‌ദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കട്ടപ്പന മുതൽ എറണാകുളത്തെ ആശുപത്രി വരെ ട്രാഫിക് സുഗമമാക്കി ആംബുലന്‍സിനു വഴിയൊരുക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രിയുമായി ബന്ധപ്പെട്ടു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനു നിര്‍ദേശം നല്‍കുകയും ചെയ്തു.

Related Articles

Back to top button