LatestThiruvananthapuram

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊടുംകുറ്റവാളികള്‍ കേരളത്തിലെത്തുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ തൊഴിലിടങ്ങളില്‍ ജോലി ചെയ്ത് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം അഞ്ചര ലക്ഷത്തോളമുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്‌ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവാസ് പദ്ധതി മുഖേന തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടന്നുവരുന്നതായും 5,13,359 രജിസ്റ്റര്‍ ചെയ്ത് ആവാസ് കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത് മാര്‍ച്ച്‌ ഏഴ് വരെയുള്ള കണക്കുകളാണ്. കൂടാതെ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 58,888 തൊഴിലാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം കിഴക്കമ്പലത്ത് കഴിഞ്ഞ ഡിസംബറില്‍ അന്യസംസ്ഥാനക്കാര്‍ നടത്തിയ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് നടത്തുമെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ല. വിവരശേഖരണം പൂര്‍ണമല്ലെന്നും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഉള്ളവരെക്കാള്‍ കുറവാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊടുംകുറ്റവാളികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി തൊഴിലാളികളെന്ന വ്യാജേന സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് തൊഴില്‍വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കിയവിവരങ്ങളനുസരിച്ച്‌ ആലപ്പുഴ ജില്ലയിലെ വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും കാസര്‍കോട് ജില്ലയിലെ ചന്തേര പൊലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് തൊഴില്‍വകുപ്പിന്റെ വിശദീകരണം.

അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി പൊലീസിനു നാമമാത്രമായ വിവരങ്ങളേയുള്ളൂ. അതിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ പൊലീസ് മെനക്കെടാറില്ല. സ്വന്തം ഫോട്ടോയും മറ്റാരുടെയെങ്കിലും പേരും വിലാസവും ചേര്‍ക്കുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് പലരുടെയും കൈവശമുള്ളത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന ഏജന്‍സികള്‍ അന്യസംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണിലെ സിംകാര്‍ഡുകളില്‍ പലതും മലയാളികളുടേതോ നാട്ടില്‍നിന്ന് അപഹരിച്ചതോ ആയിരിക്കും. കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുമ്ബോള്‍ മാത്രമാണ് അന്യസംസ്ഥാന തൊഴിലാളിയെക്കുറിച്ച്‌ അന്വേഷണം നടത്തുക.

സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും പശ്ചിമബംഗാള്‍, തമിഴ്നാട്, കര്‍ണ്ണാടക, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, അസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ് കൂടുതല്‍. വിവിധ സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നാണ് കേരളത്തിലേക്ക് തൊഴിലാളികള്‍ എത്തുന്നത്.

Related Articles

Back to top button