KeralaLatest

കാട്ടുരുചിയുമായി അച്ചൻകോവിൽ കാട്ടുതേൻ

“Manju”

അച്ചൻകോവിൽ വനാന്തരങ്ങളിൽ കാണപ്പെടുന്ന ഔഷധമൂല്യമുളളതുൾപ്പെടെയുള്ള കാട്ടുചെടികളുടെയും വൻവൃക്ഷങ്ങളുടെയും പുഷ്പങ്ങളിൽ നിന്ന് കാട്ടുതേനീച്ചകൾ ശേഖരിച്ച തേനിന്റെ രുചി ഇനി നാട്ടിലുള്ളവർക്കുമറിയാം.

ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ആദിവാസി മേഖലയിൽ നിന്നും വനം വന്യജീവി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വനസംരക്ഷണ സമിതികൾ ശേഖരിച്ച തേൻ ഹോർട്ടികോർപ്പ് നേരിട്ട് സംഭരിച്ച് ‘അച്ചൻകോവിൽ കാട്ടുതേൻ’ എന്ന ലേബലിൽ വിപണിയിലെത്തിക്കുന്നു. അച്ചൻകോവിൽ കാട്ടുതേനിന്റെ വിപണനോദ്ഘാടനം സെക്രട്ടേറിയറ്റ് ലയം ഹാളിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന് നൽകി നിർവഹിച്ചു.

സംസ്ഥാനത്ത് ലഭ്യമായതിൽ ഏറെ മേൻമയേറിയതും മായം ചേർക്കാത്തതുമായ തേനാണ് അച്ചൻകോവിൽ തേനെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. അച്ചൻകോവിൽ, നിലമ്പൂർ വനമേഖലകളിൽ ആദിവാസികളിൽ നിന്ന് കൂടുതൽ തേൻ ഇത്തരത്തിൽ സംഭരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാടൻ പഴവർഗ്ഗങ്ങൾ, മാങ്ങ, ചക്ക, കൈതച്ചക്ക, ഞാവൽ എന്നിവയും തേനും കൂട്ടിച്ചേർത്ത് കൂടുതൽ മൂല്യവർധിത ഉല്പന്നങ്ങൾ വിപണിയിലെത്തിക്കും. തേൻ ശേഖരണവും വിപണനവും ശക്തിപ്പെടുത്തുന്നതിനായി ‘ഹണിചലഞ്ച്’ എന്ന പേരിൽ ഹോർട്ടികോർപ്പ് ദൗത്യം ഏറ്റെടുത്തിട്ടുണ്ട്.

തേനീച്ച വളർത്തലും അനുബന്ധ വ്യവസായങ്ങളും ഏകീകരിക്കുന്നതിനായി സംസ്ഥാനത്തുടനീളം മിൽമ മാതൃകയിൽ തേനീച്ച വളർത്തൽ ക്ലസ്റ്ററുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 40 മുതൽ 50 പേരടങ്ങുന്ന തേനീച്ചകർഷകരേയും സംരംഭകരേയും ഉൾപ്പെടുത്തി പഞ്ചായത്ത് തലത്തിലോ, ബ്ലോക്ക് തലത്തിലോ ആയിരിക്കും ക്ലസ്റ്ററുകൾ രൂപീകരിക്കുക. കർഷകർ ഉത്പാദിപ്പിക്കുന്ന തേൻ, തേൻമെഴുക് തുടങ്ങിയവ ശേഖരിക്കുകയും മൂല്യവർദ്ധിത ഉത്പന്നമാക്കി തേനിച്ചവളർത്തൽ, ‘ക്ലസ്റ്റർ – വിപണന ശൃംഖലകൾ’ വഴി സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും വിപണനം നടത്തും. കർഷകർക്ക് ആവശ്യമുളള തേനീച്ചകൾ, തേനീച്ച കോളനി, അനുബന്ധ ഉപകരണങ്ങൾ, സംസ്‌കരണ സാമഗ്രികൾ, മൂല്യവർദ്ധിത ഉത്പങ്ങളുടെ നിർമ്മാണ സാങ്കേതികവിദ്യ എന്നിവയും തേനീച്ച ക്ലസ്റ്ററുകൾക്ക് ലഭ്യമാക്കും. വനം-വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ആദിവാസി വിഭാഗം ഗുണഭോക്താക്കൾക്ക് പ്രത്യേക ക്ലസ്റ്ററും രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് എല്ലാ ആദിവാസി മേഖലകളിലേക്കും ഈ മാതൃക വ്യാപിപ്പിക്കുമെന്നും ന്യായമായ വിലയിൽ ആദിവാസികളിൽ തേൻ സംഭരിക്കുന്നതിലൂടെ ഈ മേഖലയിലെ ചൂഷണം ഒഴിവാക്കാനാകുമെന്നും മന്ത്രി കെ. രാജു പറഞ്ഞു. ഹോർട്ടികോർപ്പിന്റെ തേനീച്ചവളർത്തൽ കേന്ദ്രത്തിലെ ആധുനിക തേൻ സംസ്‌കരണ യന്ത്രത്തിൽ സംസ്‌കരിച്ചാണ് തേൻ വിപണനത്തിന് സജ്ജമാക്കിയത്. ഹോർട്ടികോർപ്പിന്റെയും അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെയും വിൽപ്പന കേന്ദ്രങ്ങളിൽ ലഭിക്കും. ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടർ ജെ.സജീവ്, ഡെപ്യൂട്ടി ഡയറക്ടർ വി.രജത, റീജിയണൽ മാനേജർ ബി. സുനിൽ, ജില്ലാ ഫോറസ്റ്റ് ഓഫീസർ സന്തോഷ്. ബി., ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button