KeralaLatest

കെഎഎസ് മെയിൻ പരീക്ഷ ജൂലൈയിൽ ഇല്ല

“Manju”

 

കെഎഎസ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം അവസാന ഘട്ടത്തിലേക്ക്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ അവസാനത്തോടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു ശേഷം ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ മെയിൻ പരീക്ഷ ജൂലൈയിൽ നടത്താനാണ് പിഎസ്‌സി തീരുമാനിച്ചിരുന്നതെങ്കിലും ഒാഗസറ്റ് അവസാനമോ സെപ്റ്റംബറിലോ നടത്താനാണ് ഇപ്പോൾ ആലോചിക്കുന്നത്.

രണ്ടു പരീക്ഷയുടെയും ഉത്തരക്കടലാസ് ബി– പാർട്ട് മൂല്യനിർണയം ഒരു ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ട മൂല്യനിർണയമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതു പൂർത്തിയായ ശേഷം ഉത്തരക്കടലാസുകളുടെ എ– പാർട്ട് സ്കാൻ ചെയ്യണം. ഇതിനു ശേഷമാണ് എ, ബി പാർട്ടുകൾ തമ്മിൽ മെർജ് ചെയ്യേണ്ടത്.

18 ദിവസം കൊണ്ട് പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന കെഎഎസ് ഉത്തരക്കടലാസ് മൂല്യനിർണയം കോവിഡ് 19 സാഹചര്യത്തിലാണ് വൈകിയത്. ആകെയുള്ളതിന്റെ പകുതി ജീവനക്കാരെ ഉപയോഗിച്ചാണ് മൂല്യനിർണയം നടത്തുന്നത്.

ലോക്ഡൗൺ നീളുന്ന പശ്ചാത്തലത്തിൽ കെഎഎസ് മെയിൻ പരീക്ഷ ഒാഗസ്റ്റിലോ സെപ്റ്റംബറിലോ നടത്താനാണ് ആലോചന. മെയിൻ പരീക്ഷ വിവരണാത്മക രീതിയിലായതിനാൽ ഒാൺലൈനിൽ നടത്താനാവില്ല. സ്കൂളുകളും കോളജുകളും ലഭിച്ചെങ്കിൽ മാത്രമേ പരീക്ഷ നടത്താൻ കഴിയൂ. ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള ധാരാളം പേർ പ്രാഥമിക പരീക്ഷ എഴുതിയിരുന്നു. ഇവരിൽ ഭൂരിഭാഗം പേരും ലോക്ഡൗണിനെ തുടർന്നു വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവർക്കു നാട്ടിലെത്തി പരീക്ഷ എഴുതുക പ്രയാസമാണ്.

ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് മെയിൻ പരീക്ഷയ്ക്കു തയാറെടുക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുൻനിശ്ചയ പ്രകാരം പരീക്ഷ നടത്തുകയാണെങ്കിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ച് കഷ്ടിച്ച് ഒരു മാസമേ അടുത്ത പരീക്ഷയ്ക്കുള്ള തയാറെടുപ്പിനു ലഭിക്കൂ. ഇത് അപര്യാപ്തമാണെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഷോർട് ലിസ്റ്റിൽ പതിനായിരത്തിലധികം പേരെ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എത്ര പേരെ ഉൾപ്പെടുത്തുമെന്ന് പിഎസ്‌സി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അയ്യായിരത്തിലധികം പേർ ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഒഎംആർ പരീക്ഷയിൽ മികവ് തെളിയിക്കുന്നവരെല്ലാം എഴുത്തു പരീക്ഷയിൽ ശോഭിക്കണമെന്നില്ല. അതുകൊണ്ടുതന്ന കൂടുതൽ ഉദ്യോഗാർഥികൾക്ക് അവസരം ലഭിച്ചാലേ റാങ്ക് ലിസ്റ്റിൽ കൂടുതൽ മികവുറ്റവരെ ലഭിക്കൂ. ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ പിഎസ്‌സി ഇക്കാര്യംകൂടി പരിഗണിക്കണമെന്നാണ് പൊതു അഭിപ്രായം.

Related Articles

Back to top button